സാധാരണക്കാര്‍ക്ക് അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് അതിവേഗ യാത്ര സാധ്യമാക്കി കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് സര്‍വീസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. താംബരം , ഹൈദരാബാദ് , മംഗളൂരു എന്നിവിടങ്ങളിലേയ്ക്കാണ് സര്‍വീസുകള്‍ തുടങ്ങിയത്. തൃശൂര്‍– ഗുരുവായൂര്‍ പാസഞ്ചറും പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു.
കേരളത്തിന് അമൃതായി 3 അമൃത് ഭാരത് ട്രെയിനുകള്‍ .. കുറഞ്ഞ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ ദീര്‍ഘദൂര യാത്ര സാധ്യമാക്കുന്നതാണ് അമൃത് ഭാരത് സര്‍വീസ്. 22 കോച്ചുകളില്‍ 11 ഉം ജനറല്‍ കോച്ചുകള്‍, 8 സ്ളീപ്പര്‍ കോച്ചുകള്‍, ഒരു കോച്ചില്‍ 80 ബര്‍ത്തുകള്‍ , 1740 പേര്‍ക്ക് യാത്രാസൗകര്യം. കുഷ്യനുളള സീറ്റുകളും മികച്ച ടോയ് ലററ് സൗകര്യവും ആധുനിക രീതിയിലുളള പാന്‍ട്രി കാറും മുഴുവന്‍ കോച്ചുകളിലും സിസിടിവിയും പ്രത്യേകതകള്‍...തിരുവനന്തപുരം – ചെന്നൈ താംബരം ട്രെയിനാണ് ആദ്യത്തേത്. താംബരത്ത് നിന്ന് ബുധനാഴ്ചകളില്‍ വൈകിട്ട് 5.30 ന് പുറപ്പെട്ട് വ്യാഴാഴ്ചകളില്‍ രാവിലെ 8 ന് തിരുവനന്തപുരത്ത് എത്തും. മടക്കം വ്യാഴാഴ്ചകളില്‍ രാവിലെ 10.40 ന് പുറപ്പെട്ട് രാത്രി 11. 45 ന് താംബരത്ത് എത്തും.
ഹൈദരാബാദിലെ ചെര്‍ലാപ്പളളിയില്‍ നിന്ന് ചൊവ്വാഴ്ചകളില്‍ രാവിലെ 7. 15 ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തുന്നതാണ് രണ്ടാമത്തെ സര്‍വീസ്. മടക്ക ട്രെയിന്‍ ബുധനാഴ്ചകളില്‍ വൈകിട്ട് 5.30 ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ രാത്രി 11 .30 ന് ചെര്‍ലാപ്പളളിയില്‍ എത്തും. നാഗര്‍കോവില്‍ മംഗളൂരു എക്സ്പ്രസ് നാഗര്‍കോവില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30 ന് പുറപ്പെടും. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് മംഗളൂരുവിലെത്തും. മടക്ക ട്രെയിന്‍ ബുധനാഴ്ച രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10. 05 ന് നാഗര്‍കോവിലില്‍ എത്തും. തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനും യാത്രക്കാര്‍ക്ക് ആശ്വാസമാകും. നിരക്ക് കൂടിയ വന്ദേഭാരത് ട്രെയിനുകള്‍ കൂടുതലായി അനുവദിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് ബദലായാണ് നിരക്ക് കുറഞ്ഞ അമൃത് ഭാരത് ട്രെയിനുകള്‍ പാളങ്ങള്‍ കീഴടക്കാന്‍ ഒരുങ്ങുന്നത്.