india-uae-defense-cooperation-boost

TOPICS COVERED

ഇന്ത്യയും യുഎഇയും തമ്മിൽ പ്രതിരോധ രംഗത്തു സഹകരണം വർധിപ്പിക്കാൻ സംയുക്ത പ്രതിരോധ സഹകരണ കമ്മിറ്റി തീരുമാനം. വ്യാപാരം, നിക്ഷേപം,മാനവ വിഭവശേഷി കൈമാറ്റം എന്നിവയിലെ മുന്നേറ്റം പ്രതിരോധ മേഖലയിലും തുടരാൻ തീരുമാനിച്ചു. പ്രതിരോധ സഹകരണ കമ്മിറ്റിയുടെ ഭാഗമായി ഡൽഹിയിൽ നടന്ന ആദ്യ സെക്രട്ടറി തല യോഗത്തിലാണ് നിർണായക തീരുമാനങ്ങള്‍.

സൈനിക പരിശീലന രംഗത്തടക്കം സഹകരണം കൂടുതല്‍ ശക്തമാക്കാനും വ്യാപിപ്പിക്കാനുമുള്ള തീരുമാനങ്ങളാണ് ഇന്ത്യയും യുഎഇയും സ്വീകരിക്കുന്നത്. യുഎഇയുടെ സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസൃതമായി പ്രത്യേക പഠന പദ്ധതി രൂപീകരിച്ച് സൈനിക പരിശീലനം നല്‍കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തു. മധ്യപൂര്‍വദേശത്തെ സംഘര്‍ഷാവസ്ഥകളടക്കം പരിഗണിച്ച് സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് സഹകരണവും വർധിപ്പിക്കും. വിവരങ്ങൾ കൈമാറി നാവിക സഹകരണം മെച്ചപ്പെടുത്താന്‍ യുഎഇ സന്നദ്ധതപ്രകടിപ്പിച്ചു.

പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലും സേവനങ്ങളിലും പരസ്പര സഹകരണം ഉറപ്പു വരുത്തും. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ്കുമാർ സിങ്ങും യുഎഇ പ്രതിരോധ അണ്ടർ സെക്രട്ടറി ലഫ് ജനറൽ ഇബ്രാഹിം നാസർ അൽ അലവിയും ഡല്‍ഹിയില്‍ നടന്ന യോഗത്തിൽ പങ്കെടുത്തു.

നിർമിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് പുത്തൻ തലമുറ പ്രതിരോധ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന്റെ സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു. ഇന്ത്യൻ കോസ്റ്റ് ഗാർഡും യുഎഇ നാഷനൽ ഗാർഡും പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവച്ചു. കടലിൽ ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം,സമുദ്രാതിർത്തി സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായുള്ള പട്രോളിങ്, കടലിലെ മാലിന്യം കൈകാര്യം ചെയ്യുക എന്നീ കാര്യങ്ങളിൽ ഇരു സേനകളും സഹകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ധാരണാപത്രം. കരനാവിക സേനകളുടെ ഉദ്യോഗസ്ഥരും ചർച്ച നടത്തി. ഇതാദ്യമായി ഇരു രാജ്യങ്ങളിലെയും വ്യോമസേന ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തി. സംയുക്ത സേനാഭ്യാസം, പരിശീലനം, വിദഗ്ധരുടെ സേവനങ്ങൾ കൈമാറുക എന്നീ വിഷയങ്ങളാണ് സേനാ വിഭാഗങ്ങൾ ചര്‍ച്ച ചെയ്തത്.

ENGLISH SUMMARY:

India and the United Arab Emirates (UAE) have decided to significantly strengthen their defense cooperation. This commitment was made during the first Secretary-level meeting of the Joint Defense Cooperation Committee in Delhi. The goal is to extend the positive momentum seen in trade, investment, and human resource exchange into the defense sector, aiming for stronger collaboration in military training, maritime security, and defense industrial partnerships.