ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവയിൽ പ്രക്ഷുബ്ധമായി പാർലമെൻറ്. രാജ്യതാൽപര്യം സംരക്ഷിക്കുന്നതിന് വേണ്ട എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ മറുപടി നൽകി. സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. ട്രംപ് പറഞ്ഞതേ മോദി അനുസരിക്കൂ എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
രാജ്യത്തെ അപമാനിക്കും വിധം അമേരിക്കൻ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് നടത്തുന്ന പ്രസ്താവനകളിൽ പ്രധാനമന്ത്രിയും സർക്കാരും മറുപടി നൽകണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും ചർച്ചയ്ക്ക് സർക്കാർ തയ്യാറായില്ല. ഇതോടെ ഇരുസഭകളും പ്രക്ഷുബ്ധമായി. തുടര്‍ന്ന് നാലുമണിക്ക് ലോക്സഭയിലും നാലരയ്ക്ക് രാജ്യസഭയിലും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പ്രസ്താവന നടത്തി. കര്‍ഷകരുടെയും വ്യവസായികളുടെയും വ്യാപാരികളുടെയും താല്പര്യം കണക്കിലെടുത്തേ കരാറിന് അന്തിമ രൂപം നല്‍കുകയുള്ളു എന്ന് മന്ത്രി വ്യക്തമാക്കി. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ച തുടരുകയാണ്. ഇതുവരെ നാല് യോഗങ്ങള്‍ നടന്നു എന്നും മന്ത്രി .
25% തീരുവയും പിഴയും ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഇന്ത്യയുടേത് ഒരു ‘നിർജ്ജീവ സമ്പദ്‌വ്യവസ്ഥ’ ആണെന്ന് പരിഹസിച്ചിരുന്നു. തകർന്ന സമ്പദ്‌വ്യവസ്ഥയുമായി ഇന്ത്യയും റഷ്യയും ഒന്നിച്ച് തകര്‍ന്നടിയട്ടെയെന്നും താനത് കാര്യമാക്കില്ലെന്നും ട്രംപ് പറയുകയുണ്ടായി. അമേരിക്കയ്ക്ക് ഇന്ത്യയുമായി കാര്യമായ വ്യാപാരബന്ധങ്ങളില്ലെന്നും റഷ്യയുമായി കച്ചവടം തീരെയില്ലെന്നും ട്രംപ് ട്രൂത്തില്‍ കുറിച്ചു. റഷ്യയില്‍ നിന്ന് സൈനികോപകരണങ്ങളും ഊര്‍ജവും വാങ്ങുന്നതിനെയും ട്രംപ് കുറ്റപ്പെടുത്തി. പാക്കിസ്ഥാനുമായി എണ്ണവ്യാപാരത്തിന് കരാറൊപ്പിട്ട ട്രംപ് എന്നെങ്കിലും പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണവില്‍ക്കുന്ന കാലം വരുമെന്നും പറഞ്ഞു. എന്നാല്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ഗോയൽ പറഞ്ഞു.
അതേസമയം, ട്രംപിന്‍റെ പ്രസ്താവനയിൽ മന്ത്രി വ്യക്തമായ മറുപടി നൽകുന്നില്ല എന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തിയതോടെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ട്രംപ് സത്യം പറഞ്ഞതില്‍ സന്തോഷമുണ്ട് എന്നും അമേരിക്കന്‍ പ്രസിഡന്‍റ് പറയുന്നതെന്തും മോദി ചെയ്യും എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി ലോകത്തുടനീളം നടന്ന് സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടും ഇതാണ് രാജ്യത്തിന്‍റെ അവസ്ഥ എന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു.