മലയാളി കന്യാസ്ത്രീകൾക്ക് അനുകൂല വെളിപ്പെടുത്തലുമായി യുവതി. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിപ്പിച്ചത് ബജ്റംഗ്‌ദൾ നേതാവെന്ന് കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടുപോകേണ്ട യുവതിയുടെ നിർണായക വെളിപ്പെടുത്തൽ. നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ കന്യാസ്ത്രീകൾ ജാമ്യാപേക്ഷ നൽകും.
ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ ഓർച്ച ഗ്രാമത്തിലെ മൂന്ന് യുവതികളെയാണ് ജോലിക്കായി കൂട്ടിക്കൊണ്ടുപോകാൻ സിസ്റ്റർ പ്രീതിയും സിസ്റ്റർ വന്ദനയും ദുർഗിലെത്തിയത്. മനുഷ്യക്കടത്തും മതപരിവർത്തനവും ചുമത്തപ്പെട്ട കേസിൽ കന്യാസ്ത്രീകൾ നിരപരാധികൾ എന്ന് പറയുകയാണ് ഇതിൽ ഒരു യുവതി. ബജ്റംഗ് ദളിനെയും പൊലീസിനെയും വെട്ടിലാക്കുന്നതാണ് പ്രതികരണം. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു. ബജറംഗ്‌ദൾ നേതാവ് ജ്യോതി ശർമ മർദിച്ചു, ഭീഷണിപ്പെടുത്തി. ബജ്റംഗ്‌ദൾ പ്രവർത്തകർ പറഞ്ഞത് പ്രകാരം കേസെടുക്കാൻ പൊലീസ് തയാറായെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പറയുന്നു.
ഇനി അറിയേണ്ടത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സമാന്തര പൊലീസിങ് നടത്തിയ ബജ്റംഗ്‌ദളിനെതിരെ പരാതിയും നടപടിയും ഉണ്ടാകുമോ എന്നാണ്. ജയിൽവാസം ഒരാഴ്ചയാകുന്ന നാളെ കന്യാസ്ത്രീകൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. ഛത്തീസ്ഗഡ് മുൻ അഡിഷണൽ അഡ്വ. ജനറൽ അമൃതോ ദാസ് കന്യാസ്ത്രീകൾക്കായി ഹൈക്കോടതിയിൽ ഹാജരാകും. സർക്കാർ എതിർക്കാതിരുന്നാൽ കന്യാസ്ത്രീകൾക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങും. എതിർക്കില്ല എന്ന ഉറപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ എംപിമാർക്ക് നൽകിയിട്ടുണ്ട്.