ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ നയതന്ത്രനേട്ടമെന്ന് വിദേശകാര്യമന്ത്രി പാര്‍ലമെന്റില്‍. ഇന്ത്യയ്ക്ക് വലിയ പിന്തുണ ലഭിച്ചുവെന്നും ടി.ആര്‍.എഫിനെ യു.എസ്. ഭീകരസംഘടനയായി പ്രഖ്യാപിച്ചുവെന്നും എസ്.ജയശങ്കര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി ട്രംപും മോദിയും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസുമായി വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം മുംബൈ ഭീകരാക്രമണത്തിന് ശേഷം ഒന്നും ചെയ്യാത്തവരാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്തുകൊണ്ട് നിര്‍ത്തിയെന്ന് ചോദിക്കുന്നതെന്നും വിമര്‍ശിച്ചു.
പാക്കിസ്ഥാന് ശക്തമായ മറുപടി അനിവാര്യമായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നയതന്ത്ര നടപടി സ്വീകരിച്ചു. ഏപ്രില്‍ 23 ന് സിന്ധൂനദീതട ഉടമ്പടി മരവിപ്പിക്കാന്‍ തീരുമാനിച്ചു. അട്ടാരി അതിര്‍ത്തി അടച്ചു, വീസ അനുവദിക്കുന്നത് നിര്‍ത്തി. പാക്കിസ്ഥാന്‍ എംബസിയിലെ ജീവനക്കാരുടെ എണ്ണം കുറച്ചു. രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാനെ തുറന്നുകാട്ടാനായിരുന്നു ഇന്ത്യയുടെ ആദ്യശ്രമം. ഭീകരവാദത്തോട് സന്ധിയില്ല എന്ന സന്ദേശം നല്‍കാനും സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉപയോഗിക്കാനും ഇന്ത്യ തീരുമാനിച്ചു. ജയശങ്കര്‍ പറഞ്ഞു.
യു.എന്‍. രക്ഷാസമിതി പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതായും ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് ഉദാഹരണമാണിതെന്നും ജയശങ്കര്‍ പറഞ്ഞു. ടി.ആര്‍.എഫിനെ യു.എസ്. ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ നയതന്ത്രനേട്ടമാണ് ഇത്. യു.എന്നിലെ 193 രാജ്യങ്ങളില്‍ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ഓപ്പറേഷന്‍ സിന്ദൂറിനെ എതിര്‍ത്തത് അദ്ദേഹം പറഞ്ഞു. ബ്രിക്സ് കൂട്ടായ്മയും പഹല്‍ഗാം ആക്രമണത്തെ അപലപിച്ചതായി അദ്ദേഹം പറഞ്ഞു. വിദേശപ്രതിനിധി സംഘങ്ങള്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിദേശനയം പരാജയം എന്ന പ്രതിപക്ഷ ആരോപണത്തിനും ജയശങ്കര്‍ മറുപടി പറയുകയുണ്ടായി. തഹാവൂര്‍ റാണയെ തിരികെ എത്തിച്ചത് വിദേശനയത്തിന്‍റെ വിജയമെന്ന് എസ്.ജയശങ്കര്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഒന്നുംചെയ്യാത്തവരാണ് എന്തുകൊണ്ട് ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിയെന്ന് പ്രതിപക്ഷം ചോദിക്കുന്നതെന്നും ജയശങ്കര്‍ വിമര്‍ശിച്ചു.