പഹല്‍ഗാം ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഷിം മൂസയെ വധിച്ചതായി റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ മഹാദേവ് എന്ന് പേരിട്ട സൈനിക ദൗത്യത്തില്‍ മൂന്ന് ഭീകരരെ വധിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, സേന ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശ്രീനഗര്‍ ദച്ചിഗാമിലെ ഹര്‍വാന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. 

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരില്‍ നേരത്തെ തിരിച്ചറിഞ്ഞവരില്‍ ഒരാളാണ് ഹാഷിം മൂസ. ഇയാള്‍ പാക് സൈന്യത്തിന്‍റെ ഭാഗമായിരുന്നുവെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സില്‍ പാര കമാന്‍ഡറായിരുന്നു ഹാഷിം മൂസ. പാക്കിസ്ഥാനി ഭീകരസംഘടനയായ ലഷ്കറെ തയ്ബയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണിയാള്‍.

കശ്മീരില്‍ പുറത്തുനിന്നുള്ളവര്‍ക്കും സുരക്ഷാഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം നടത്താനുള്ള ദൗത്യവുമായാണ് ലഷ്കര്‍ ഹാഷിം മൂസയെ കശ്മീരിലേക്ക് വിട്ടത്. പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ ഭാഗമായ ഇയാളെ കശ്മീര്‍ ദൗത്യത്തിനായി ലഷ്കറിന് അനുവദിച്ചതാകാം എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആസിഫ് ഫൗജി, ഹാഷിം മൂസ എന്ന സുലൈമാന്‍ ഷാ,അബു തല്‍ഹ എന്നിവരടങ്ങുന്ന അഞ്ച് അംഗ സംഘമാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്. 

കശ്മീരില്‍ നേരത്തെ നടന്ന പല ഭീകരാക്രമണങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2024 ഒക്ടോബറിൽ ഗന്ദർബാലിലെ ഗഗൻഗീറിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് ഇതരസംസ്ഥാനക്കാരും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു. ബാരാമുള്ളയിലെ ബുട്ടപത്രിയിൽ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെയും രണ്ട് ആർമി പോർട്ടർമാരുടെയും മരണത്തിന് കാരണമായ ഭീകരാക്രമണത്തിലും ഹാഷിം മൂസയ്ക്ക് ബന്ധമുണ്ട്.

ENGLISH SUMMARY:

Hashim Musa, a key Lashkar-e-Taiba terrorist and alleged mastermind of the deadly Pahalgam terror attack, has reportedly been killed in a high-level counter-terror operation named 'Operation Mahadev' in Srinagar’s Harwan area. Though official confirmation from the Indian Army is awaited, reports suggest three terrorists were eliminated. Hashim Musa, a former para-commander in Pakistan’s Special Security Forces, had long been on India's most wanted list due to his involvement in several high-profile attacks in Kashmir, including the 2024 Ganderbal massacre. Intelligence agencies suspect he was deployed to the Valley by the Pakistan Army to lead targeted strikes against civilians and security forces. His death could mark a significant blow to cross-border terrorism in Jammu & Kashmir.