ശിശുരോഗ വിദഗ്ദനെ കാണാന്‍ ബുക്ക് ചെയ്യാതെ എത്തിയ യുവാവ് റിസപ്ഷനിസ്റ്റിനെ മര്‍ദിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മുന്‍കൂട്ടി ബുക്ക് ചെയ്തവരുടെ തിരക്കുണ്ടായിരുന്ന സമയത്തായിരുന്നു യുവാവ് എത്തിയത്. എന്നാല്‍ ബുക്ക് ചെയ്തവരെ മാത്രമേ പ്രവേശിപ്പിക്കുന്നുള്ളൂ എന്നായിരുന്നു റിസപ്ഷനിസ്റ്റായ യുവതിയുടെ മറുപടി. ഇതിന് പിന്നാലെയായിരുന്നു മര്‍ദനം. സംഭവത്തില്‍ ബിഹാര്‍ സ്വദേശിയായ ഗോകുല്‍ ഝാ (25)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമാണ് ഗോകുല്‍ ഝാ ആശുപത്രിയിലെത്തിയത്. എന്നാല്‍ ബുക്കിങ്ങിനെക്കുറിച്ച് യുവതി പറഞ്ഞതും ഇയാള്‍ അക്രമാസക്തനാവുകയായിരുന്നു. ആക്രമണത്തിന്‍റെ വിഡിയോ ദൃശ്യങ്ങളില്‍ അക്രമി യുവതിയെ ചവിട്ടുന്നതും മുടി പിടിച്ച് നിലത്തിട്ട് വലിക്കുന്നതും വ്യക്തമാണ്. രോഗികളും അവരുടെ കൂടെ വന്നവരുമാണ് യുവാവിനെ പിടിച്ചുമാറ്റി യുവതിയെ രക്ഷിക്കുന്നത്. ഗുരുതര പരുക്കുകളോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. അസഭ്യം പറഞ്ഞതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കൊലപാതകശ്രമത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിയായ ഗോകുല്‍ മറ്റ് പല കേസുകളിലും കൂടി പ്രതിയാണ്. ക്രിമിനല്‍ കേസില്‍ തടവിനിടെ ജാമ്യത്തിലിറങ്ങിയ അവസരത്തിലാണ് റിസപ്ഷനിസ്റ്റിനെ മര്‍ദിച്ചത്.