ഒറ്റയടിക്ക് എട്ട് പോയിന്റുകള്‍ ഉയര്‍ന്ന് കരുത്ത് കൂട്ടി ഇന്ത്യന്‍ പാസ്പോര്‍ട്ട്. പാസ്പോര്‍ട്ടുകളുടെ ശക്തി അളക്കുന്ന ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സ് പ്രകാരം ഒറ്റയടിക്കാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് 85ാം സ്ഥാനത്ത് നിന്ന് 77ാം സ്ഥാനത്തെത്തിയത്. കഴിഞ്ഞവര്‍ഷം അഞ്ച് പോയിന്റുകള്‍ പിന്തള്ളപ്പെട്ട ഇന്ത്യന്‍ പാസ്പോര്‍ട്ടിന് പുതിയ ഉയര്‍ച്ച വന്‍ നേട്ടം തന്നെയാണ്. എന്നാല്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാനാവുന്ന വീസ ഫ്രീ ആയ രാജ്യങ്ങളുടെ എണ്ണം 59 ആണ്.
മുന്‍കൂര്‍ വീസ ഇല്ലാതെ എത്ര രാജ്യങ്ങളില്‍ പ്രവേശിക്കാനാകും എന്നത് അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ പട്ടികയില്‍ തരംതിരിക്കുന്നത്. വീസ രഹിതമായി 59 രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ പൗരന്മാര്ക്ക് സന്ദര്‍ശനം നടത്താനാകുന്നത്. ഇന്തോനേഷ്യ, മലേഷ്യ, മാലിദ്വീപ്, തായലന്‍ഡ്, എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വീസ ഇല്ലാതെ തന്നെ യാത്ര ചെയ്യാം. ശ്രീലങ്ക മക്കാവു, മ്യാന്മര് തുടങ്ങിയ രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ ആയി ലഭിക്കും.
പൊതുവെ ഏഷ്യന്‍ പാസ്പോര്ട്ടുകള് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കരുത്തേറിയവയാണ്. 193 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനവുമായി സിംഗപ്പൂരാണ് ലോകത്തിലേറ്റവും ശക്തമായ പാസ്പോര്‍ട്ട്. 190 രാജ്യങ്ങളുമായി കൊറിയയും ജപ്പാനും തൊട്ടുപിന്നിലുണ്ട്. തുടര്‍ന്ന് 189 രാജ്യങ്ങളുമായി ഏഴ് യുറോപ്യന്‍ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്തുള്ളത്.
പട്ടികയില്‍ ഏറ്റവും താഴെയുള്ളത് അഫ്ഗാനിസ്ഥാനാണ്. 25 രാജ്യങ്ങളിലേക്ക് മാത്രമേ അഫ്ഗാന് പൗരന്മാര്ക്ക് വീസയില്ലാതെ പ്രവേശിക്കാനാകൂ.