സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങള്‍ കൊണ്ട് 1.4 മില്യണ്‍ ഫോളോവേഴ്സ് ഉണ്ടാക്കിയ യുവതിയുടെ പിന്നിലെ കഥ കേട്ട് അന്തം വിട്ടിരിക്കുകയാണ് ഫോളോവേഴ്സ്. ബേബിഡോള്‍ ആര്‍ചി എന്ന പേരില്‍ ഉണ്ടായിരുന്ന അക്കൗണ്ട് ഒരു ഡാന്‍സ് വിഡിയോയ്ക്ക് പിന്നാലെയാണ് വൈറലാകുന്നത്. റൊമേനിയന്‍ പാട്ടിന് നൃത്തം ചെയ്യുന്ന ചുവന്ന സാരിയുടുത്ത സുന്ദരിയായിരുന്നു ആരാധകരെ അക്കൗണ്ടിലേക്ക് അടുപ്പിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ പോണ്‍ അഭിനേത്രിയായ കെന്‍ഡ്ര ലസ്റ്റിന്‍റെ കൂടെ ബേബിഡോള്‍ നില്‍ക്കുന്ന ചിത്രവും വൈറലായി.
കെന്‍ഡ്ര ലസ്റ്റിന്‍റെ കൂടെ ചിത്രം വന്നതോടെ ബേബിഡോള്‍ ആര്‍ച്ചിയുടെ പോണിനായി വന്‍ ഗൂഗിള്‍ സര്‍ച്ച് നടന്നു. ഗൂഗിള്‍ സര്‍ച്ചില്‍ ബേബിഡോള്‍ ആര്‍ച്ചി ട്രെന്‍ഡിങ്ങുമായി. നിരവധി ഫേക്ക് അക്കൗണ്ടുകളും ഉയര്‍ന്നുവന്നു. അക്കൗണ്ട് എഐ നിര്‍മിതമാണെന്ന് തിരിച്ചറിയാന്‍ അധികം സമയം വേണ്ടിവന്നില്ല. പക്ഷെ ബേബി ഡോള്‍ ആര്‍ച്ചി കാരണം പണികിട്ടിയത് മറ്റൊരു സ്ത്രീക്കായിരുന്നു. കാരണം അവരുടെ മുഖമായിരുന്നു എഐ യുവതിക്കായി മോഡല്‍ ചെയ്തിരുന്നത്. തന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകളും ചിത്രങ്ങളും പൊടുന്നനെ ഇന്‍സ്റ്റാഗ്രാമാകെ ഉയര്‍ന്നുവന്നത് ആസാമി യുവതിയെ ഭയപ്പെടുത്തി.
യുവതി പരാതി നല്‍കിയതോടെയാണ് ബേബിഡോള്‍ ആര്‍ച്ചിയുടെ ചുരുളഴിയുന്നത്. യുവതിയുടെ മുന്‍ കാമുകനായിരുന്നു ഈ ഫേക്ക് അക്കൗണ്ടിന് പിന്നില്‍. ബന്ധം പിരിഞ്ഞതോടെ യുവാവ് യുവതിയുടെ പേരില്‍ ഒരു അക്കൗണ്ട് തുടങ്ങി. ആദ്യമാദ്യം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ആയിരുന്നു അക്കൗണ്ടില്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് യുവാവിന് എഐയോട് താല്‍പര്യമായി. എഐ സ്വയം പഠിച്ചെടുത്ത യുവാവ് യുവതിയുടെ ഫോട്ടോകള്‍ ഉപയോഗിച്ച് അത് എഐ ശരീരവുമായി ബന്ധിപ്പിച്ച് റീല്‍സുണ്ടാക്കാന്‍ തുടങ്ങി.
നിലവില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുകഴിഞ്ഞു. ബേബിഡോള്‍ ആര്‍ച്ചി മുന്‍പ് തന്നെ പൊലീസിന്‍റെ നിരീക്ഷണത്തിലുണ്ടായിരുന്നു. എന്നാല്‍ എഐ അക്കൗണ്ടെന്ന നിലയില്‍ പൊലീസ് ശ്രദ്ധിച്ചില്ല. എന്നാല്‍ യഥാര്‍ഥ വ്യക്തിയുടെ രൂപസാദൃശ്യത്തിലാണ് അക്കൗണ്ടെന്ന് കണ്ടെത്തിയതോടെ കനത്ത നടപടികളായിരിക്കും യുവാവിനെതിരെ സ്വീകരിക്കുക.