ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങൾ മാത്രമല്ല, ഡോക്ടർമാരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം രാഷ്ട്രപതിക്ക് നൽകിയ രാജിക്കത്തിൽ വ്യക്തമാക്കുന്നു. ഇന്ന് രാജ്യസഭ നിയന്ത്രിച്ചത് ധൻകറായിരുന്നു.
2022-ൽ ആണ് ജഗ്ദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. ഉപരാഷ്ട്രപതിപദവിയിൽ അദ്ദേഹത്തിന് ഇനിയും രണ്ടുവർഷം കൂടി കാലാവധി ബാക്കിയുണ്ടായിരുന്നു. ഉപരാഷ്ട്രപതിയാകുന്നതിന് മുൻപ് 2019 മുതൽ അദ്ദേഹം പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗാളിൽ സംസ്ഥാന സർക്കാരുമായി അദ്ദേഹം നിരന്തരം കലഹത്തിലായിരുന്നു.
ഉപരാഷ്ട്രപതി പദവിയിലിരിക്കെ പ്രതിപക്ഷവുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്നു ജഗ്ദീപ് ധൻകർ. ഭരണപക്ഷത്തിന് അനുകൂലമായ നിലപാടുകൾ എപ്പോഴും സ്വീകരിക്കുന്നു എന്ന ആരോപണം പ്രതിപക്ഷം പലതവണ ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുമായി പല തവണ അദ്ദേഹത്തിന് വാഗ്വാദമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ധൻകറെ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ചരിത്രത്തിൽ ആദ്യമായി നോട്ടീസ് നൽകുക വരെ ചെയ്തു. എന്നാൽ സാങ്കേതിക കാരണം പറഞ്ഞ് ഈ നോട്ടീസ് തള്ളുകയായിരുന്നു.
ജഗ്ദീപ് ധൻകറിന്റെ രാഷ്ട്രീയ യാത്ര
വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചതിന് ശേഷമാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി പദവിയിലെത്തിയത്. ആദ്യം ജനതാദളിലായിരുന്ന അദ്ദേഹം, ചന്ദ്രശേഖറിൻ്റെ കാലത്ത് കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. അതിനുശേഷം അദ്ദേഹം കോൺഗ്രസിലേക്ക് മാറി. കോൺഗ്രസിൽ രാജസ്ഥാനിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.
പിന്നീട് രാജസ്ഥാൻ നിയമസഭയിലേക്ക് മത്സരിച്ച് അദ്ദേഹം മന്ത്രിയായും സേവനമനുഷ്ഠിച്ചു. 2003-ലാണ് അദ്ദേഹം ബി.ജെ.പി.യിലേക്ക് ചേരുന്നത്. പിന്നീടങ്ങോട്ട് ബി.ജെ.പി.യിൽ സജീവമായി പ്രവർത്തിക്കുകയായിരുന്നു. 2019-ൽ ബംഗാൾ ഗവർണറായ ധൻകറെ, 2022-ൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്.