വിഎസുമായുള്ള ഓര്‍മകള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'കേരളത്തിന്റെ പുരോഗതിക്ക് ജീവിതം മാറ്റിവച്ച നേതാവാണ് വി.എസ്. അച്യുതാനന്ദൻ' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വി.എസുമായുള്ള കൂടിക്കാഴ്ചകൾ എന്നും ഓർക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വി.എസ്. അച്യുതാനന്ദനെ 'അതുല്യനായ കമ്യൂണിസ്റ്റ് പോരാളി' എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. വി.എസ്. എന്ന രണ്ടക്ഷരം പോരാട്ടത്തിന്റെ പ്രതീകമാണെന്നും, കുട്ടിക്കാലംമുതൽ അവസാനകാലംവരെ പോരാളിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിൽ വലിയ വിടവുണ്ടാക്കുന്ന വിയോഗമാണ് വി.എസിന്റെതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഉച്ചകഴിഞ്ഞ് 3.20ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം അല്‍പസമയത്തിനകം ആശുപത്രിയില്‍നിന്ന് കൊണ്ടുപോകും. എ.കെ.ജി പഠനകേന്ദ്രത്തിലാണ് ആദ്യ പൊതുദര്‍ശനം. രാത്രി ഒൻപതുമണിയോടെ വീട്ടിലെത്തിക്കും. നാളെ രാവിലെ ഒൻപതുമുതൽ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ഉച്ചയോടെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
ദേശീയപാതവഴിയുള്ള വിലാപയാത്ര രാത്രിയോടെ പറവൂരിലെ വീട്ടിലെത്തും. മറ്റന്നാൾ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് വലിയചുടുകാട്ടിൽ വിഎസിന് അന്ത്യവിശ്രമം ഒരുക്കും. സംസ്ഥാനത്ത് നാളെമുതൽ മൂന്നുദിവസം ദുഃഖാചരണം. നാളെ പൊതുഅവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധി ബാധകം.