പതിനൊന്നുകാരനെ ഓടിച്ചിട്ട് കടിക്കുന്ന പിറ്റ്ബുളിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച മുംബൈയിലെ ഈസ്റ്റേണ്‍ സബര്‍ബിലാണ് സംഭവം. ഒരു ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുട്ടി പേടിച്ചുവിറച്ച് ഇരിക്കുന്നതും കരയുന്നതുമാണ് വിഡിയോയുടെ തുടക്കത്തില്‍ കാണാനാവുക. കുട്ടിക്കു മുന്‍പിലായി പിറ്റ്ബുള്‍ നായയും തൊട്ടടുത്ത് ഉടമയും ഇരിക്കുന്നുണ്ട്. കുട്ടിയുടെ കരച്ചിലും പേടിയും കണ്ട് ഇയാള്‍ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഏതാനും സെക്കന്റുകള്‍ക്കു ശേഷം നായ കുട്ടിയുടെ കവിളില്‍ കടിക്കുകയും വസ്ത്രം കടിച്ചുവലിക്കുകയും ചെയ്യുന്നു. ഒരു തരത്തില്‍ നായയുടെ പിടിയില്‍ നിന്നും കുട്ടി രക്ഷപ്പെട്ടോടുന്നതും പിന്നാലെ പിറ്റ്ബുള്‍ പായുന്നതും കാണാം. നായയെ നിയന്ത്രിക്കാനും കുട്ടിയെ രക്ഷപ്പെടുത്താനും ശ്രമിക്കുന്നതിനു പകരം ഉടമ ഓട്ടോറിക്ഷയിലിരുന്ന് ചിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.
ഉടമയുള്‍പ്പെടെ എല്ലാവരും സംഭവം നോക്കിക്കൊണ്ടിരുന്നെന്നും ആരും തന്നെ സഹായിച്ചില്ലെന്നും 11കാരന്‍ ഹംസ പറയുന്നു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മൊഹമ്മദ് സുഹൈല്‍ ഹസന്‍ എന്ന ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഓട്ടോറിക്ഷയില്‍ കയറിയിരുന്ന് കളിക്കുന്നതിനിടെയാണ് ഇയാള്‍ പിറ്റ്ബുളിനെ കുട്ടിക്കുനേരെ അഴിച്ചുവിട്ടത്. ഭാരതീയ ന്യായ് സംഹിത 291,125, 125(A) പ്രകാരം ഉടമയ്ക്കെതിരെ കേസെടുത്തു.