ഓപ്പറേഷൻ സിന്ദൂരിനിടെ പഞ്ചാബിലെ ഗ്രാമത്തില്‍ സൈനികർക്ക് ലഘുഭക്ഷണം വിതരണം ചെയ്ത പത്ത് വയസുകാരന്‍റെ പഠനച്ചെലവ് ഏറ്റെടുത്ത് ഇന്ത്യൻ സൈന്യം. താര വാലി ഗ്രാമത്തില്‍ പോരാടുകയായിരുന്ന സൈനികര്‍ക്കാണ് ഷ്വാൻ സിംഗ് സഹായമെത്തിച്ചത്. വെള്ളവും ഐസ്ക്രീമും ചായയും പാലും ലസിയുമടക്കമാണ് ഷ്വാന്‍ സൈനികര്‍ക്ക് എത്തിച്ചത്.
കുട്ടിയുടെ ധൈര്യത്തിനും ഉത്സാഹത്തിനും അംഗീകാരമായി ആർമിയുടെ ഗോൾഡൻ ആരോ ഡിവിഷനാണ് വിദ്യാഭ്യാസത്തിന് പൂർണ്ണ സ്പോൺസർഷിപ്പ് നൽകുന്നത്. ഫെറോസ്പൂർ കന്റോൺമെന്റിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ, വെസ്റ്റേൺ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ മനോജ് കുമാർ കത്യാർ ഒരു ആൺകുട്ടിയെ ആദരിച്ചു. രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് താരാ വാലി ഗ്രാമം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിശബ്ദരായ വീരന്മാരെ ഓർമ്മിപ്പിക്കുന്നതാണ് ഷ്വാന്‍ സിംഗിന്‍റെ കഥയെന്ന് സൈന്യം പറഞ്ഞു. ഫിറോസ്പൂർ ജില്ലയിലെ മംദോത് മേഖലയിൽ നിന്നുള്ളയാണ് ഷ്വാൻ. വലുതാകുമ്പോൾ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് ഷ്വാന്‍ നേരത്തെ പറഞ്ഞിരുന്നു. മകനെ കുറിച്ച് അഭിമാനമുണ്ടെന്നും സൈനികർ പോലും അവനെ സ്നേഹിക്കുകയാണെന്നും ഷ്വാന്‍റെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. ആരും ആവശ്യപ്പെടാതെയാണ് ഷ്വാൻ സൈനികര്‍ക്ക് ഭക്ഷണമെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ മേയ് 7-ന് പുലർച്ചെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒൻപത് ഭീകരകേന്ദ്രങ്ങളിൽ ഓപ്പറേഷൻ സിന്ദൂർ വഴി മിസൈൽ ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ ആസ്ഥാനവും ലഷ്കർ-ഇ-തൊയ്ബയുടെ മുരിദ്കെയിലെ താവളവും ഉൾപ്പെടെയുള്ളവ ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു.