Image Credit: x.com/detresfa_
പാക്കിസ്ഥാന്റെ ആണവായുധ ശേഖരത്തിന്റെ ഒരു ഭാഗം സ്ഥിതിചെയ്യുന്ന കിരാന കുന്നുകളെയും ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ലക്ഷ്യം വച്ചിരുന്നതായി റിപ്പോര്‍ട്ട്. കിരാന കുന്നുകളെ ലക്ഷ്യം വച്ച് ആക്രമണം നടത്തിയെന്ന ആരോപണം സർക്കാർ നിഷേധിച്ച് രണ്ട് മാസം കഴിഞ്ഞാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ജൂണിൽ പകർത്തിയ ഗൂഗിൾ എർത്തിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ പാകിസ്ഥാനിലെ സർഗോധ ജില്ലയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ മിസൈൽ പതിച്ചതായി വ്യക്തമാക്കുന്നു.
മെയ് 10 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായിട്ടായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍. സൈനിക നടപടിയില്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. ഇക്കൂട്ടത്തില്‍ കിരാന കുന്നുകളെയും ഇന്ത്യ ലക്ഷ്യമിട്ടിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രശസ്ത സാറ്റലൈറ്റ് ഇമേജറി വിദഗ്ദ്ധനും ജിയോ-ഇന്റലിജൻസ് ഗവേഷകനുമായ ഡാമിയൻ സൈമൺ എക്‌സിലൂടെയാണ് ഉപഗ്രഹ ചിത്രങ്ങള്‍ പങ്കുവച്ച് തന്‍റെ അനുമാനങ്ങള്‍ കുറിച്ചത്.
2025 മെയ് മാസത്തിലെ കിരാന കുന്നുകളുടെ ചിത്രം മെയ് മാസത്തിൽ ഇന്ത്യയുടെ ആക്രമണത്തിന് ശേഷം എന്നിവയാണ് പങ്കുവച്ചത്. സർഗോധ എയർബേസിലെ അറ്റകുറ്റപ്പണികൾ നടത്തിയ റൺവേകളും ചിത്രങ്ങളിലുണ്ട്. അതേസമയം ഇന്ത്യയുടെ ആക്രമണത്തിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഒരു എക്സ് ഉപയോക്താവിന്‍റെ ചോദ്യത്തിന് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത് ഒരു മുന്നറിയിപ്പ് ആക്രമണം മാത്രമായിരിക്കണം തന്ത്രപ്രധാനമായ തുരങ്കങ്ങൾ അടക്കമുള്ളവ വളരെ അകലെയാണെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുപിന്നാലെ കിരാന കുന്നുകളിൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ വ്യോമസേന നിഷേധിച്ചിരുന്നു. മെയ് 12 ന് നടന്ന പത്രസമ്മേളനത്തിൽ കിരാന കുന്നുകളെ കുറിച്ചുള്ള ചോദ്യത്തിന്, കിരാന കുന്നുകളില്‍ ആണവ കേന്ദ്രങ്ങള്‍ ഉള്ളതായി ഞങ്ങള്‍ക്ക് അറിവില്ലായിരുന്നു, അറിയിച്ചതിന് നന്ദി എന്നാണ് ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ കെ ഭാരതി മറുപടി പറഞ്ഞത്. എന്നാല്‍ ഉത്തരം നൽകുമ്പോഴുള്ള ഭാരതിയുടെ വിചിത്രമായ പുഞ്ചിരി പിന്നീട് ചര്‍ച്ചയായിരുന്നു.
കിരാന കുന്നുകള്‍
പാകിസ്ഥാന്റെ ആണവായുധ പദ്ധതികളിലെ നിര്‍ണായക പ്രദേശമാണ് കിരാന കുന്നുകള്‍. ഇവിടെ ഒരു ഭൂഗർഭ ആണവായുധ സംഭരണ കേന്ദ്രം ഉണ്ടെന്നും 1980-കളിൽ നടത്തിയ സബ്ക്രിട്ടിക്കൽ ആണവ പരീക്ഷണങ്ങൾ ഉൾപ്പെടെ ആണവ ഗവേഷണത്തിനും പരീക്ഷണത്തിനുമുള്ള സ്ഥലമായി ഈ പ്രദേശം ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സൈനിക ആവശ്യങ്ങൾക്കായി സ്ഥിതിചെയ്യുന്ന റഡാർ സ്റ്റേഷനുകളും തുരങ്കങ്ങളും സർഗോധ വ്യോമതാവളത്തിന്‍റെ സാമീപിവ്യും ഈ പ്രദേശത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.