രാജസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനിൽ തീ കണ്ടെത്തിയത് വന്‍ പരിഭ്രാന്തി പരത്തി. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തമാണ്. സെന്ദ്ര (ബീവാർ) റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. മുംബൈ-ഡൽഹി ഗരീബ് രഥ് എക്സ്പ്രസിലാണ് (12216) ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തീപിടിച്ചത്.
ട്രെയിന്‍ സെന്ദ്ര റെയിൽവേ സ്റ്റേഷന് സമീപം എത്തിയതിന് പിന്നാലെയാണ് എന്‍ജിന്‍ കമ്പാർട്ടുമെന്റിൽ നിന്ന് പുക ഉയരാൻ തുടങ്ങിയത്. 500 ലധികം യാത്രക്കാരാണ് ഈ സമയം ട്രെയിനില്‍ ഉണ്ടായിരുന്നത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് ആദ്യം ട്രെയിൻ ജീവനക്കാരെ വിവരം അറിയിക്കുന്നത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി താഴെയിറക്കി. ആർക്കും പരിക്കില്ല. സെന്ദ്രയിലൂടെ കടന്നുപോകുമ്പോൾ ട്രെയിൻ താരതമ്യേന കുറഞ്ഞ വേഗതയിലായിരുന്നു. എന്‍ജിനുകളില്‍ നിന്ന് കോച്ചുകളിലേക്ക് തീ പടർന്നിട്ടില്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ 8 മണിയോടെയാണ് എന്‍ജിനിലെ തീ നിയന്ത്രണവിധേയമാക്കിയത്.
ട്രെയിനില്‍ തീയാളുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അജ്മീറിൽ നിന്നുള്ള എന്‍ജിനീയർമാരും റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള അടിയന്തര സംഘം സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. സംഭവത്തെത്തുടർന്ന് അജ്മീർ-ബീവാർ പാതയിലെ ട്രെയിന്‍ ഗതാഗതം ആറ് മണിക്കൂറിലധികം നിർത്തിവച്ചു. സാങ്കേതിക തകരാറോ എന്‍ജിനിലെ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാത്രി 11.30 ന് അബു റോഡിൽ നിന്ന് പുറപ്പെടുന്ന ഗരീബ് രഥ് എക്സ്പ്രസ് പുലർച്ചെ 3.45 നാണ് അജ്മീറില്‍ എത്തുന്നത്.