ഫയല്‍ ചിത്രം
സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് ഹൈദരാബാദിൽ നിന്ന് തായ്ലൻഡിലെ ഫുക്കറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തിരിച്ചിറക്കി . ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് രാവിലെ 6.40 ന് പറന്നുയർന്ന ഫ്ലൈറ്റ് IX 110 ആണ് തിരിച്ചിറക്കിയത്.
ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്ലൈറ്റ് റഡാർ 24 പ്രകാരം വിമാനം കേവലം 16 മിനിറ്റ് മാത്രമാണ് പറന്നത് . ടേക്ക് ഓഫിന് തൊട്ടുപിന്നാലെ സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതോടെ ഹൈദരാബാദിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം സജ്ജീകരിച്ചുവെന്നും വൈകിയ സമയം ഇവര്‍ക്ക് ലഘുഭക്ഷണം നൽകിയതായും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഏതുഘട്ടത്തിലും സുരക്ഷയാണ് മുന്‍ഗണനയെന്നും എയര്‍ലൈനിന്റെ വക്താവ് അറിയിച്ചു.
ഈ ആഴ്ച ആദ്യം എൻജിന് സ്റ്റാർട്ടപ്പ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു.160 യാത്രക്കാരും എട്ട് ജീവനക്കാരുമായി ലഖ്നൗ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു ഫ്ലൈറ്റ് IX 193. എന്‍ജിനുകൾ സ്റ്റാർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പൈലറ്റ് ഉടൻ തന്നെ എയർലൈൻ ഉദ്യോഗസ്ഥരെയും എയർ ട്രാഫിക് കൺട്രോളിനെയും (എടിസി) വിവരം അറിയിക്കുകയായിരുന്നു.