പ്രധാൻമന്ത്രി ധൻ-ധാന്യ കൃഷി യോജനക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 100 ജില്ലകളിലെ കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതിക്കായി 24,000 കോടിയാണ് വകയിരുത്തിയിരിക്കുന്നത് .1.7 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും.
നിതി ആയോഗിന്റെ ആസ്പിരേഷണൽ ജില്ലാ പരിപാടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2025ലെ കേന്ദ്ര ബജറ്റില്‍ ഉള്‍പെടുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാൻമന്ത്രി ധൻ-ധാന്യ കൃഷി യോജന. കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക, വിള വൈവിധ്യവൽക്കരണം, സുസ്ഥിര കാർഷിക രീതികള്‍ സ്വീകരിക്കല്‍, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ സംഭരണം വർദ്ധിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വായ്പകളുടെ ലഭ്യത സുഗമമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം. 6 വർഷത്തേക്ക് 100 ജില്ലകളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് വഴി 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും.
കുറഞ്ഞ ഉൽപ്പാദനക്ഷമത, കുറഞ്ഞ വായ്പ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കി 100 ജില്ലകളെ കണ്ടെത്തും. ഒരു സംസ്ഥാനത്ത് നിന്ന് ഒരു ജില്ലയെയെങ്കിലും തിരഞ്ഞെടുക്കും. പദ്ധതിയുടെ ഫലപ്രദമായ ആസൂത്രണം, നടപ്പാക്കൽ, നിരീക്ഷണം എന്നിവക്ക് ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ സമിതികൾ രൂപീകരിക്കും. പദ്ധതിക്കായി 24000 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ശുഭാംശു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിയതിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രമേയവും മന്ത്രിസഭ പാസാക്കി.