പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ച സമ്മതിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഭരണനേതൃത്വം സുരക്ഷാവീഴ്ച സമ്മതിക്കുന്നത്. പിന്നാലെ ചോദ്യങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തി.
ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സുരക്ഷാ വീഴ്ച സമ്മതിച്ചത്. ഭീകരര്‍ വിനോദ സഞ്ചാരികളെ ആക്രമിക്കുമെന്ന് കരുതിയില്ല. അതുകൊണ്ടുതന്നെ സുരക്ഷാക്രമീീകരണങ്ങള്‍ കുറവായിരുന്നു. ആക്രമണം നടന്ന ബൈസരണ്‍ വാലിയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലും ഉണ്ടായിരുന്നില്ല. വീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും മനോജ് സിന്‍ഹ പറഞ്ഞു.
ഇതാദ്യമായാണ് പഹല്‍ഗാം ആക്രമണത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ഭരണനേതൃത്വം സമ്മതിക്കുന്നത്. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കെ ലഫ്റ്റനന്‍റ് ഗവര്‍ണറുടെ തുറന്നുപറച്ചില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. ആക്രമണം നടന്ന് 82 ദിവസത്തിന് ശേഷം ലഫ്റ്റനന്‍ഫ് ഗവര്‍ണര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ഡല്‍ഹിയില്‍ ഉള്ള ആരെ സംരക്ഷിക്കാനാണെന്നും മനോജ് സിന്‍ഹ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യുമോ എന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ഖേര ചോദിച്ചു.