Image Credit: instagram.com/san_rechal_official
പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു. സിനിമാ– മോഡലിങ് ഇന്‍ഡസ്ട്രിയിലെ വർണ്ണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളുമായി ഏറെ ശ്രദ്ധേയയായിരുന്നു സാന്‍. അടുത്തിടെയായിരുന്നു വിവാഹം. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെങ്കിലും ആരുടേയും പേര് കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
അച്ഛന്‍റെ വീട്ടിലെത്തിയ സാൻ വലിയ അളവിൽ ഗുളികകൾ കഴിക്കുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒടുവിൽ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രൊഫഷണൽ ആവശ്യങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി സാന്‍ സമീപ മാസങ്ങളിൽ തന്റെ ആഭരണങ്ങൾ പണയം വച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിതാവിൽ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിച്ചതായും എന്നാല്‍ അദ്ദേഹത്തിന് സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് സാന്‍ എഴുതിയിട്ടുണ്ട്. അടുത്തിടെയായിരുന്നു 26കാരിയായ സാനിന്‍റെ വിവാഹം. ദാമ്പത്യ പ്രശ്‌നങ്ങൾ ആത്മഹത്യക്ക് കാരണമായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
നിറത്തിന്റെ പേരില്‍ ആളുകള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിര ശബ്ദമുയര്‍ത്തിയാണ് സാന്‍ റേച്ചല്‍ ശ്രദ്ധേയയാകുന്നത്. മോഡലിങ് ഇന്‍ഡസ്ട്രിയില്‍ ആഴത്തിൽ വേരൂന്നിയ വെളുത്ത ചർമ്മത്തോടുള്ള അഭിനിവേശത്തെ വെല്ലുവിളിച്ച് സാന്‍ റാംപില്‍ തിളങ്ങുകയായിരുന്നു. വര്‍ണവിവേചനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും അവരുടെ പ്രാതിനിധ്യത്തിനും സാന്‍ തനിക്ക് ലഭിച്ച വേദികള്‍ ഉപയോഗിക്കുകയായിരുന്നു. 2022 ലെ മിസ് പുതുച്ചേരികൂടിയാണ് സാന്‍ റേച്ചല്‍.