തമിഴ്നാട് തിരുവള്ളൂരില്‍ ഡീസലുമായി പോയ ഗുഡ്സ് ട്രെയിന്‍ തീപിടിച്ചത് അട്ടിമറിയെന്ന് സംശയം. ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. 18 വാഗണുകള്‍ കത്തിനശിച്ചു. 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു.
ഇന്ന് രാവിലെ 5.30 യോടെ തിരുവള്ളൂര്‍ പെരിയക്കുപ്പത്താണ് അപകടമുണ്ടായത്. ചെന്നൈ മണലിയില്‍ നിന്ന് ആന്ധ്രയിലേക്ക് ഡീസല്‍ കൊണ്ടുപോകുകയായിരുന്ന ചരക്ക് തീവണ്ടിക്കാണ് തീപിടിച്ചത്. ചരക്ക് ട്രെയിന്‍ പാളം തെറ്റുകയും തുടര്‍ന്ന് ഡീസല്‍ ലീക്കാകുയും തീപിടിത്തം ഉണ്ടാകുകയുമായിരുന്നു എന്നാണ് സൂചന. പത്ത് അഗ്നിരക്ഷാ സേന യൂണിറ്റുകളും രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങളും ചേര്‍ന്നാണ് തീ അണച്ചത്. അപകടമുണ്ടായ സ്ഥലത്തിന് രണ്ട് കി.മീ. ചുറ്റളവില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ അട്ടമറി ശ്രമമുണ്ടോ എന്നതും പരിശോധിക്കുന്നു. അപകടമുണ്ടായ സ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെയായി പാളത്തില്‍ ചെറിയ വിള്ളല്‍ കണ്ടെത്തി. ഇത് അപകടത്തിന് കാരണമായോ എന്ന് പരിശോധിക്കുന്നുണ്ട്. അപകടം ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചു
തിരുവള്ളൂര്‍ വഴി പോകുന്ന 13 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ – ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രപസ് അടക്കമുള്ള പല ട്രെയിനുകളും വഴി തിരിച്ചുവിട്ടു. പലതും ട്രെയിനുകളും ഭാഗിമായി റദ്ദാക്കി. യാത്രക്കാര്‍ക്കായി റിയല്‍വേ ഹെല്‍പ് ലൈന്‍ നമ്പര്‍ സജ്ജികരിച്ചു. അപകടം അന്വേഷിക്കുന്നതിനായി ആര്‍പിഎഫ് എഡിജിപിയുടെ നേതൃത്വത്തില്‍ മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഏതാണ്ട് 12 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം