പ്രതീകാത്മക ചിത്രം (എ.ഐ ജനറേറ്റഡ്).
സ്കൂളിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്താന്‍ ഉത്തരവിട്ട് പ്രിന്‍സിപ്പല്‍. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പെണ്‍കുട്ടികളെ വിളിച്ചുവരുത്തി ആര്‍ത്തവമാണെന്ന് പറഞ്ഞവരെയും അല്ലാത്തവരെയും രണ്ടായി തിരിച്ചുനിര്‍ത്തിയാണ് പരിശോധന നടത്തിയതെന്ന് കുട്ടികള്‍ പറയുന്നു. ശുചിമുറിയില്‍ കണ്ടത് ആര്‍ത്തവ രക്തമാണെന്നും അത് ആരുടേതാണെന്ന് കണ്ടെത്താനായിരുന്നു പെണ്‍കുട്ടികളോട് ഇത്തരത്തില്‍ മോശമായി പെരുമാറിയതെന്നും മനസ്സിലാക്കിയ മാതാപിതാക്കള്‍ സ്കൂളിനെതിരെ രംഗത്ത് വന്നു. മഹാരാഷ്ട്രയിലാണ് സംഭവം.
പെണ്‍കുട്ടികളെയെല്ലാം ഒന്നിച്ച് വിളിച്ചുവരുത്തിയ പ്രിന്‍സിപ്പല്‍ ശുചിമുറിയില്‍ നിന്നെടുത്ത ചിത്രം ഫോണില്‍ കാണിച്ചശേഷം ഇത് ആരുടെ ആര്‍ത്തവരക്തമാണെന്ന് ചോദിച്ചു. ആരും മറുപടി പറയാതെയായപ്പോള്‍ ആര്‍ക്കൊക്കെ നിലവില്‍ ആര്‍ത്തവമുണ്ടെന്ന് ചോദിച്ചു. ആര്‍ത്തവ ദിനങ്ങളിലാണെന്ന് പറഞ്ഞ പെണ്‍കുട്ടികളെ ഒരു ഭാഗത്തേക്ക് മാറ്റിനിര്‍ത്തി. ശേഷം ആര്‍ത്തവമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടികളെ ദേഹപരിശോധനയ്ക്ക് പ്രിന്‍സിപ്പല്‍ വിധേയരാക്കി. സ്കൂളിലെ ഒരു വനിതാ പ്യൂണിനോട് പെണ്‍കുട്ടികളുടെ അടിവസ്ത്രമടക്കം പരിശോധിക്കാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ പരിശോധന നടത്തിയപ്പോള്‍ ആര്‍ത്തവമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടികളില്‍ ഒരാള്‍ സാനിറ്ററി നാപ്കിന്‍ വച്ചിട്ടുണ്ടെന്ന് പ്യൂണ്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു. മറ്റ് കുട്ടികളുടെയും അധ്യാപകരുടെയും സ്കൂള്‍ ജീവനക്കാരുടെയും മുന്നില്‍ വച്ച് ഈ പെണ്‍കുട്ടിയോട് വളരെ മോശമായ ഭാഷയില്‍ പ്രിന്‍സിപ്പല്‍ സംസാരിക്കുകയുമുണ്ടായി. ഇക്കാര്യം വിദ്യാര്‍ഥിനികള്‍ വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞു. ഇതോടെ സ്കൂളിനെതിരെ പ്രതിഷേധവുമായി മാതാപിതാക്കള്‍ രംഗത്തെത്തി. പൊലീസില്‍ പരാതിയും നല്‍കി. പോക്സോ ആക്ട് പ്രകാരം കേസെടുത്ത പൊലീസ് സ്കൂള്‍ പ്രിന്‍സിപ്പല്‍, പ്യൂണ്‍, രണ്ട് അധ്യാപകര്‍, മാനേജ്മെന്‍റിന്‍റെ ഭാഗമായ രണ്ടുപേര്‍ എന്നിവരെ പ്രതിചേര്‍ത്തിട്ടുണ്ട്. പ്രിന്‍സിപ്പലും പ്യൂണും അറസ്റ്റിലായി. മറ്റ് നാലുപേര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.