ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയും വെള്ളക്കെട്ടും. ഗുഡ്ഗാവിലെ പ്രധാന റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. വിമാന സര്‍വീസുകളെയും മഴ ബാധിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ആരംഭിച്ചതാണ് ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും മഴ. ഐടിഒ, ലോധി റോഡ് മയൂര്‍ വിഹാര്‍ തുടങ്ങിയ ഇടങ്ങളിലുണ്ടായ വൈള്ളത്തെട്ട് ജനജീവിതം ദുഷ്കരമാക്കി. ബിന്ദാപൂരില്‍ വീടുകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഇടവിട്ടാണ് മഴ പെയ്യുന്നത് എന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെയും റോഡുകളിലെയും വെള്ളക്കെട്ട് പമ്പ് ചെയ്ത് ഒഴിവാക്കാനാകുന്നുണ്ട്. ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്ഥിതി സങ്കീര്‍ണമാണ്.
ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഗുഡ്ഗാവ് ദുരന്ത നിവാരണ അതോറിട്ടി നിര്ദേശം നല്‍കി. വിദ്യാലയങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറി. യുപി ഗാസിയാബാദില്‍ നിരവധി വീടുകളിലേക്ക് വെള്ളം കയറി. മഴ സര്‍വീസുകളെ ബാധിച്ചതിനാല്‍ യാത്രക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സ്പൈസ് ജെറ്റും ഇന്‍ഡിഗോയും നിര്‍ദേശം നല്‍കി. മഴക്കെടുതി തുടരുന്ന ഹിമാചലില്‍ മരണം 85 ആയി.