ഡൽഹിയിലെ മലിനീകരണവും മാറിമറിയുന്ന കാലാവസ്ഥയുമൊക്കെ ഇല്ലാതാക്കിയ ജലാശയങ്ങളുടെ കാഴ്ചയാണ് നമുക്കെല്ലാം പരിചിതം. പക്ഷെ അതിലൊരു മാറ്റം വരികയാണ്. 700 വർഷം പഴക്കമുള്ള സത്പുല തടാകത്തെയും അണക്കെട്ടിനെയും പുനരുജ്ജീവിപ്പിക്കുകയാണ് ഡൽഹി വികസന അതോറിറ്റി.
സംസാരിക്കാനാകുമായിരുന്നെങ്കിൽ ഈ തടാകവും അണക്കെട്ടും ഏഴ് നൂറ്റാണ്ടിന്‍റെ കഥ പറഞ്ഞേനെ. സത്പുല അണക്കെട്ടിനും തടാകത്തിനും ഇത് രണ്ടാം ജന്മമാണ്. സത്പുല എന്നാല്‍ ഏഴ് പാലങ്ങൾ എന്നർത്ഥം. ഒഴുക്ക് നിയന്തത്രിക്കുന്നതിനായി ഉണ്ടാക്കിയ ഈ കമാനങ്ങളാണ് ഈ പേരിന് പിന്നിലെന്നാണ് പറച്ചില്‍. എ.ഡി 1343 ൽ കല്ലും കുമ്മായവും കൊണ്ട് സുൽത്താൻ മുഹമ്മദ് ഷാ തുഗ്ലക്ക് ഉണ്ടാക്കിയതാണ് സത്പുല അണക്കെട്ട് പെട്ടെന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുകയായിരുന്നു ലക്ഷ്യം.
രാജ്യതലസ്ഥാനവും നഗരവൽക്കരണവും വളര്‍ന്നപ്പോള്‍ തടാകം ചുരുങ്ങി. മലീനീകരണവും റോഡ് നിർമ്മാണവും മഴവെള്ളമെത്താത്തതും സത്പുലയുടെ പ്രതാപകാലം പഴങ്കഥയാക്കി..ആങ്ങനെയിരിക്കെ ഡിഡിഎയാണ് 2023ല്‍ തടാകത്തെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി ഇട്ടത്. ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്ച്ചറല്‍ ഹെറിട്ടേജും റോട്ടറി ഇന്റർനാഷണലും ഒപ്പം ചേര്‍ന്നു മലിനജലം ശുദ്ധീകരിച്ച് തുടക്കം. വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ധനസഹായം കൂടി ലഭിച്ചതോടെ കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ട് പോകുകയാണ്. പക്ഷെ സുന്ദരമായ ഈ ഇടം പൊതുജനം വേണ്ട രീതിയിൽ സംരക്ഷിക്കുന്നില്ലെന്ന പരാതി ജീവനക്കാർക്കുണ്ട്.