പ്രതീകാത്മക ചിത്രം

എയർബസ് എ320 ന്റെ എന്‍ജിന്‍ ഭാഗങ്ങൾ യഥാസമയം മാറ്റാത്തതിനും മാറ്റിയെന്ന് കാണിച്ച് വ്യാജ രേഖകള്‍ ചമച്ചതിലും എയർ ഇന്ത്യ എക്സ്പ്രസിനെതിരെ തിരിഞ്ഞ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). യൂറോപ്യൻ യൂണിയന്റെ വ്യോമയാന സുരക്ഷാ ഏജൻസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് ഏജന്‍സി എയര്‍ലൈനിനെ ശാസിച്ചിരിക്കുന്നത്. അതേസമയം സംഭവത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് തെറ്റ് സമ്മതിച്ചതാണ് റിപ്പോര്‍ട്ട്. പരിഹാര നടപടികള്‍ക്ക് എയര്‍ലൈന്‍ നിര്‍ദേശിച്ചതായും റോയിറ്റേഴ്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഎഫ്എം ഇന്റർനാഷണൽ ലീപ്–1എ എന്‍ജിനുകളുടെ സുരക്ഷയ്ക്കായാണ് 2023 ൽ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. എന്‍ജിൻ സീലുകൾ, കറങ്ങുന്ന ഭാഗങ്ങൾ തുടങ്ങിയ ചില ഘടകങ്ങൾ യഥാസമയം കൃത്യമായി മാറ്റിസ്ഥാപിക്കണമെന്ന് നിര്‍ദേശങ്ങളിലുണ്ട്. എന്‍ജിന്‍ നിര്‍മാണത്തില്‍ ചില പോരായ്മകൾ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ അവസ്ഥ പരിഹരിച്ചില്ലെങ്കില്‍ വിമാനത്തിന്റെ ഭാഗങ്ങളുടെ പരാജയത്തിന് കാരണമായേക്കാമെന്നും ഇത് വിമാനത്തിന് കേടുപാടുകൾ സംഭവിക്കുന്നതിനും നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമായേക്കാമെന്നും ഏജൻസിയുടെ നിർദ്ദേശത്തിൽ പറയുന്നു.

2024 ഒക്ടോബറിൽ ഡിജിസിഎ ഓഡിറ്റിനിടെയാണ് ഈ പിഴവ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് മാർച്ചിൽ ഇന്ത്യൻ സർക്കാർ എയർലൈനിന് രഹസ്യ മെമ്മോ അയക്കുകയുണ്ടായി. ഡിജിസിഎയുടെ നിരീക്ഷണത്തില്‍ എയർബസ് എ320 ന്റെ എന്‍ജിനിൽ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പാർട്‌സ് മോഡിഫിക്കേഷൻ നടത്തിയിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍‌‍ യഥാസമയം ഇത് ചെയ്തു എന്ന് കാണിക്കാനായി രേഖകളില്‍ കൃത്രിമം കാണിക്കുകയായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ VT-ATD വിമാനത്തിൽ നിർബന്ധിത പരിഷ്കരണം ആവശ്യമാണെന്നും മെമ്മോ വ്യക്തമാക്കുന്നു.

അതേസമയം, മോണിറ്ററിങ് സോഫ്റ്റ്‌വെയറിലെ രേഖകൾ മാറിപ്പോയതിനാൽ പാർട്‌സ് മാറ്റിസ്ഥാപിക്കുന്നതിനുള്ള ഷെഡ്യൂൾ ചെയ്ത തീയതി ടെക്നിക്കല്‍ ടീമിന് നഷ്ടപ്പെട്ടുവെന്നും പ്രശ്നം തിരിച്ചറിഞ്ഞ ഉടൻ തന്നെ അത് പരിഹരിച്ചതായും എയർ ഇന്ത്യ എക്സ്പ്രസ് റോയിറ്റേഴ്സിനോട് പറഞ്ഞു. വീഴ്ചയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും സ്ഥാനത്തുനിന്ന് നീക്കിയതായും എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. അതേസമയം റോയിറ്റേഴ്‌സിന്റെ ചോദ്യങ്ങളോട് ഡിജിസിഎയോ യൂറോപ്യൻ സുരക്ഷാ ഏജൻസിയോ എയർബസോ പ്രതികരിച്ചിട്ടില്ല.

എയർ ഇന്ത്യ എക്സ്പ്രസിന്റെ എയർബസിലെ എന്‍ജിൻ പ്രശ്നം മാസങ്ങള്‍ക്ക് മുന്‍പേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എസ്കേപ്പ് സ്ലൈഡുകളിൽ പരിശോധനകള്‍ കാലഹരണപ്പെട്ട മൂന്ന് എയർബസ് വിമാനങ്ങൾ പറത്തിയതിന് ഈ വർഷം ഡിജിസിഎ എയർ ഇന്ത്യയ്ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ജൂണിൽ പൈലറ്റ് ഡ്യൂട്ടി സമയത്തിന്റെ ഗുരുതരമായ ലംഘനങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷം വിവിധ സുരക്ഷാ ലംഘനങ്ങളുടേപേരില്‍ 23 തവണ അധികൃതർ വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുകയോ പിഴ ചുമത്തുകയോ ചെയ്തതായി ഫെബ്രുവരിയിൽ സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു. ഇതിൽ മൂന്നെണ്ണം എയർ ഇന്ത്യ എക്സ്പ്രസും എട്ട് എണ്ണം എയർ ഇന്ത്യയുമാണ്.

ENGLISH SUMMARY:

India’s DGCA has taken action against Air India Express for failing to replace Airbus A320 engine parts on schedule and falsifying records to show otherwise. The European Union Aviation Safety Agency (EASA) had mandated timely replacement of specific CFM LEAP-1A engine components due to manufacturing defects that could compromise flight safety. During a 2024 audit, DGCA discovered discrepancies and issued a secret memo demanding corrective action. Air India Express admitted the lapse, citing software errors that erased scheduled dates for part replacements. Several officials were suspended as a result. Earlier, Air India Express had faced warnings over expired escape slide checks and crew duty time violations, highlighting ongoing safety concerns.