Image: X
പൂണെ ഗോവ സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ വിന്‍ഡോ ഫ്രെയിം യാത്രാമധ്യേ ഇളകിമാറി. സ്പൈസ് ജെറ്റിന്‍റെ എസ്ജി1080 വിമാനത്തിലാണ് സംഭവം. പരിഭ്രാന്തരായ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ യാത്രയിലുടനീളം ക്യാബിനിലെ മർദം സാധാരണ നിലയിലായിരുന്നുവെന്നും യാത്രക്കാരുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.
ഇളകിമാറിയ ഭാഗം സ്പൈസ് ജെറ്റിന്‍റെ Q400 വിമാനങ്ങളിലെ കോസ്മെറ്റിക് (ഇന്റീരിയർ) വിൻഡോ ഫ്രെയിം ആണെന്നും തണല്‍ ലഭിക്കാനായി ജനാലയിൽ ഘടിപ്പിച്ചിട്ടുള്ള ഫ്രെയിം മാത്രമാണ് ഇതെന്നും സ്‌പൈസ് ജെറ്റ് ൃഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. വിമാനത്തിന്റെ സുരക്ഷയില്‍ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്റീരിയർ ഫിറ്റിംഗുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലും സുരക്ഷ ഉറപ്പാക്കുന്ന ഒന്നിലധികം പാളികള്‍ ജനാലകള്‍ക്കുണ്ടെന്നും സ്പൈസ് ജെറ്റ് ചൂണ്ടിക്കാട്ടി.
ഇളകിമാറിയ ഫ്രെയിം അടുത്ത വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷം അറ്റകുറ്റപ്പണി നടത്തിയെന്നും സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതില്‍ തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ച കമ്പനി പറക്കലിന് മുന്‍പ് ആവശ്യമായ എല്ലാ പരിശോധനകളും പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും ഉറപ്പുനൽകിയിട്ടുണ്ട്.