ട്യൂഷന് പോകാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ പതിനാല് വയസുകാരന്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തി ടെലിവിഷൻ സീരിയൽ നടിയുടെ മകനാണ് മുംബൈയിലെ കാണ്ടിവാലിയിലെ ഫ്ലാറ്റില്‍ നിന്ന് താഴേക്ക് എടുത്തുചാടിയത്. അന്‍പതാം നിലയിലെ ഫ്ലാറ്റില്‍ നിന്നാണ് കുട്ടി ചാടിയതെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... വൈകുന്നേരം 7 മണിയോടെ ട്യൂഷന് പോകാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി വിസമ്മതിച്ചതായി പൊലീസ് പറയുന്നു. പലതവണ പറഞ്ഞെങ്കിലും കുട്ടി കേട്ടില്ല. ഒടുവിൽ കുട്ടി വീട് വിട്ടിറങ്ങിയതായി അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മിനിറ്റുകൾക്ക് ശേഷം ഫ്ലാറ്റിന്‍റെ സെക്യൂരിറ്റിയാണ് കുട്ടി മുകളില്‍ നിന്നും വീണതായി അമ്മയെ അറിയിക്കുന്നത്. ഫ്ലാറ്റിന്‍റെ അന്‍പതാം നിലയിലാണ് കുടുംബം താമസിക്കുന്നത്. കുട്ടി ഇതേ നിലയില്‍ നിന്നും ചാടിയതായാണ് കരുതുന്നത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയുടെ മരണത്തില്‍ അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കുടുംബത്തിന്റെ മൊഴിയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ഭര്‍ത്താവുമായി നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയ താരം മകനുമൊന്നിച്ചാണ് ഫ്ലാറ്റില്‍ കഴിഞ്ഞിരുന്നത്.