diesel-contamination-mp

വെള്ളം കലര്‍ന്ന ഡീസല്‍ നിറച്ചതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്‍റെ വാഹനവ്യൂഹം പെരുവഴിയിലായി. വാഹനവ്യൂഹത്തിന്‍റെ ഭാഗമായ 19 വാഹനങ്ങള്‍  പമ്പില്‍ നിന്ന്  തള്ളി നീക്കുകയായിരുന്നു. പമ്പില്‍ നിന്ന് മായം കലര്‍ന്ന ഡീസല്‍ നിറച്ചതിന് പിന്നാലെയാണ് വാഹനങ്ങള്‍ പണിമുടക്കിയത്. പിന്നാലെ പെട്രോള്‍ പമ്പ് താല്‍ക്കാലികമായി അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ച മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന ഒരു പരിപാടിയിൽ അകമ്പടിയായി ചെല്ലേണ്ട വാഹനങ്ങള്‍ക്കാണ് പണി കിട്ടിയത്. രത്‌ലം ജില്ലയിലെ ഒരു പെട്രോൾ പമ്പിലാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇൻഡോറിൽ നിന്ന് വന്ന വാഹനങ്ങൾ രത്‌ലമിലെ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ വാഹനങ്ങള്‍ തകരാറിലായി. ചില വാഹനങ്ങള്‍ പമ്പില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ റോഡില്‍ വച്ചാണ് പണിമുടക്കിയത്. മറ്റ് ചില വാഹനങ്ങള്‍ ഇന്ധനം നിറച്ചതിന് പിന്നാലെ പമ്പില്‍ നിന്ന് അനങ്ങുന്നതുപോലും ഉണ്ടായിരുന്നില്ല. ഈ വാഹനങ്ങള്‍ ഡ്രൈവർമാരും പെട്രോൾ പമ്പ് ജീവനക്കാരും ചേർന്ന് തള്ളിമാറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഡീസലില്‍ വെള്ളം ചേര്‍ത്തതായി കണ്ടെത്തുകയായിരുന്നു. പിന്നാലെ പമ്പ് അടച്ചുപൂട്ടി സീല്‍ ചെയ്തു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് ഇന്ധനത്തിന്റെ സാമ്പിളുകൾ ശേഖരിക്കുകയും പിന്നീട് ഡീസലിൽ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തതായി എൻഡിടിവി പറയുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് തഹസിൽദാർ ആശിഷ് ഉപാധ്യായ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡീസൽ ടാങ്കുകളിൽ മഴവെള്ളം നിറഞ്ഞിരിക്കാമെന്നും ഇതായിരിക്കും ഇന്ധനത്തില്‍ കലര്‍ന്നതെന്ന് സംശയിക്കുന്നുമുണ്ട്. 

ENGLISH SUMMARY:

A major security lapse occurred in Madhya Pradesh when Chief Minister Mohan Yadav’s convoy came to a halt on a highway after filling up with contaminated diesel. A total of 19 vehicles had to be pushed off the road following the incident, leading to embarrassment and logistical chaos.