അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി നടത്തിയ ജീവനക്കാരെ പുറത്താക്കി എഐസാറ്റ്സ്. എയര്‍ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ്സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിക്കിടെ ലുങ്കിഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ ചുവടുവയ്ക്കുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.
എഐസാറ്റ്സ് ജീവനക്കാരുടെ ആഘോഷത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വിമാന ദുരന്തത്തില്‍ 260പേരുടെ ജീവന്‍ നഷ്ടമായിരുന്നു. പല കുടുംബങ്ങള്‍ക്കും ഉറ്റവരുടെ മൃതദേഹം പോലും ഒന്നുകാണാന്‍ പറ്റാത്ത സാഹചര്യത്തിലാണ് എഐസാറ്റ്സില്‍ ഈ വിധത്തില്‍ ആഘോഷം നടക്കുന്നതെന്ന് എക്സില്‍ വിമര്‍ശനമുയര്‍ന്നു. കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന നാല് ഉദ്യോഗസ്ഥരെ പുറത്താക്കുകയും പാര്‍ട്ടിയില്‍ പങ്കെടുത്ത ബാക്കിയുള്ളവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തതായി എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.
വിഡിയോയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ഇപ്പോള്‍ പുറത്തുവന്ന ആഘോഷവിഡിയോയെ അംഗീകരിക്കുന്നില്ലെന്നും കമ്പനി വക്താവ് പറഞ്ഞു. ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തിയല്ല, ജീവനക്കാരുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇത്തരമൊരു ആഘോഷം നടന്നതില്‍ ഖേദിക്കുന്നതായും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.
ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി എയര്‍ ഇന്ത്യയും ടാറ്റ ഗ്രൂപും സമൂഹമാധ്യമങ്ങളിലടക്കം കറുപ്പണിഞ്ഞതിനിടെയായിരുന്നു സാറ്റ്സിലെ ആഘോഷം. ഗ്രൗണ്ട് കാര്‍ഗോ ഹാന്‍ഡ്‌ലിങ് കമ്പനിയായ എഐ സാറ്റ്സില്‍ ടാറ്റയ്ക്കും സാറ്റ്സിനും 50ശതമാനം ഓഹരിയാണുള്ളത്. ജൂണ്‍ 12നായിരുന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിനിടെ കത്തിയമര്‍ന്നത്. ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറിയ അപകടത്തില്‍ വിദ്യാര്‍ഥികളും പരിസരവാസികളുമടക്കം കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.