കള്ളന്‍റെ കഴുത്തില്‍ ചെരിപ്പുമാലയിട്ട് മേല്‍വസ്ത്രം ഊരിമാറ്റി നഗരപ്രദക്ഷിണം. ജമ്മു കശ്മീരിലാണ് പൊലീസിന്‍റെ ഈ വഴിവിട്ട നടപടി. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്. മരുന്നുകടയില്‍ നിന്ന് പണം മോഷ്ടിച്ചു എന്നാരോപിച്ചാണ് യുവാവിനെ പൊലീസ് പിടിച്ചത്. കൈകള്‍ രണ്ടും പിന്നിലാക്കി കൈവിലങ്ങിട്ട് പൊലീസ് വാഹനത്തിന്‍റെ ബോണറ്റില്‍ കയറ്റിയിരുത്തി സൈറണ്‍ മുഴക്കികൊണ്ടാണ് യുവാവിനെയും കൊണ്ട് പൊലീസ് നഗരപ്രദക്ഷിണം നടത്തിയത്.
ഇവന്‍ കള്ളനാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ജമ്മു നഗരത്തിലൂടെയാണ് പൊലീസ് ഇയാളെ കൊണ്ടുപോയത്. ആളുകള്‍ കൂടി വിഡിയോ എടുക്കാനും മറ്റും തുടങ്ങിയതോടെ നഗരത്തില്‍ ട്രാഫിക് ജാമായി. ലാത്തികൊണ്ട് യുവാവിന്‍റെ താടിയില്‍ കുത്തി മുഖം ഉയര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുന്ന ഒരു പൊലീസുകാരനെയും വിഡിയോയില്‍ കാണാം. മരുന്ന് വാങ്ങാനായി എത്തിയ ഇയാള്‍ 40,000 രൂപ മോഷ്ടിച്ചുവെന്നാണ് പൊലീസ് വിളിച്ചുപറയുന്നത്.
ബാക്ഷി നഗര്‍ പൊലീസാണ് യുവാവിനെ ഇത്തരത്തില്‍ നഗരപ്രദക്ഷിണം നടത്തിയത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറെയടക്കം വിഡിയോയില്‍ കാണാം. സംഭവത്തിന്‍റെ വിഡിയോ വൈറലായതോടെ ഉന്നത അധികാരികള്‍ വിഷയത്തില്‍ ഇടപെട്ടു. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിഎസ്പിക്ക് മേലധികാരികളുടെ നിര്‍ദേശമുണ്ട്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.