Image Credit: X
ബലാക്കോട്ട് ആക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക്ക് സൈനികന്‍ മോയിസ് അബ്ബാസ് ഷാ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ ഭീകരസംഘടന തെഹരീക്–ഇ– താലിബാന്‍ പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലിലാണ് മോയിസ് അബ്ബാസ് അടക്കം രണ്ടു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനിലെ സൗത്ത് വസീറിസ്ഥാൻ ജില്ലയിൽ ഭീകകരെ നേരിട്ട പാക് സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍പ്പെട്ട സൈനികരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ 11 ഭീകരരും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും കൊലപ്പെട്ടിട്ടുണ്ട്. പാക്ക്– അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് പാക്ക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹരീക്–ഇ– താലിബാന്‍ പാക്കിസ്ഥാന്‍.
2019 ല്‍ പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ, പാക്കിസ്ഥാനിലെ ബലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്‍റെ ഭീകരപരിശീലന കേന്ദ്രം ആക്രമിച്ചത്. ബലാക്കോട്ട് ആക്രമണത്തിന് പിന്നാലെ പാക്ക് വ്യോമസേന ഇന്ത്യന്‍ സൈനികതാവളങ്ങളിലേക്ക് ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഈ ആക്രമണം തടുത്തത് അഭിനന്ദന്‍ വര്‍ധമാന്‍ അടക്കമുള്ള സൈനികരാണ്.
ആക്രമണത്തില്‍ പാക്കിസ്ഥാന്‍റെ എഫ്-16 യുദ്ധവിമാനം ഇന്ത്യയുടെ മിഗ്21 വെടിവെച്ചിട്ടിരുന്നു. പിന്നാലെ വര്‍ധമാന്‍ പറത്തിയ മിഗ്-24 പാക്കിസ്ഥാന്‍ വെടിവെച്ചിടുകയും അദ്ദേഹം പാക്ക് സൈന്യത്തിന്‍റെ പിടിയിലാവുകയുമായിരുന്നു. അന്ന് വര്‍ധമാനെ പിടികൂടിയത് മോയിസ് അബ്ബാസ് ഷാ ആയിരുന്നു. 58 മണിക്കൂറോളം പാക്ക് സൈന്യത്തിന്‍റെ പിടിയിലായിരുന്ന വര്‍ധമാനെ ചര്‍ച്ചകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ശേഷമാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയത്. 2021 ല്‍ ഗ്രൂപ്പ് ക്യാപ്റ്റനായി പ്രമോഷന്‍ ലഭിച്ച വര്‍ധമാന് ഈയിടെ വീര്‍ ചക്ര സമ്മാനിച്ച് രാജ്യം ആദരിച്ചിരുന്നു.