ഫയല്‍ ചിത്രം

TOPICS COVERED

ഡൽഹിയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്‍റെ വാതിലില്‍ നിന്നി അസ്വാഭാവിക ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്. ജൂൺ 1-ന് സർവീസ് നടത്തിയ ബോയിങ് 787 വിമാനത്തിന്റെ വാതിലില്‍ നിന്നാണ് പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം ശബ്ദങ്ങള്‍ കേള്‍ക്കാനും വാതില്‍ കുലുങ്ങാനും തുടങ്ങിയത്. അഹമ്മദാബാദ് വിമാന ദുരന്തത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ഒടുവില്‍ വിമാനത്തിലെ ജീവനക്കാർ വാതിലിന്റെ മുകളിലെ ചെറിയ വിടവിൽ നാപ്കിനുകൾ തിരുകിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. 

ജൂണ്‍ 1ന് ഡൽഹിയിൽ നിന്ന് രാത്രി 11.45-ന് പുറപ്പെട്ട AI-314 വിമാനത്തിലാണ് സംഭവം. ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ ഒരു മണിക്കൂറിലധികം വൈകിയാണ് അന്ന് വിമാനം പുറപ്പെട്ടത്. പറന്നുയർന്ന് ഏകദേശം ഒരു മണിക്കൂറിനുശേഷം വാതിൽ കുലുങ്ങാനും ശബ്ദമുണ്ടാക്കാനും തുടങ്ങി. വായു മർദ്ദം കാരണം വാതിലിന്റെ സീൽ ഇളകിയെന്ന് തോന്നി എന്നാണ് ഒരു യാത്രക്കാരന്‍ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ ഇത്തരം സംഭവങ്ങൾ യാത്രക്കാർക്ക് ആശങ്കയുണ്ടാക്കിയേക്കാമെങ്കിലും വിമാനത്തിന്റെ സുരക്ഷയെ ബാധിക്കില്ലെന്ന് പൈലറ്റുമാർ ചൂണ്ടിക്കാട്ടി. വിമാനത്തിന്റെ വാതിലുകൾ യാത്രാമധ്യേ തുറക്കില്ലെന്നും അവര്‍ വ്യക്തമാക്കി. വിമാനം സുരക്ഷിതമായി ഹോങ്കോങില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. 

അതേസമയം, വിമാനത്തിന്‍റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടതായി എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ഒരു വിമാനം പറത്തുന്നതിന് മുമ്പ് നിരവധി പരിശോധനകൾക്ക് വിധേയമാക്കാറുണ്ട്. സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് ഇത് ചെയ്യുന്നത്. ജൂൺ 1 ലെ ഡൽഹി-ഹോങ്കോംഗ് വിമാനവും ഈ പ്രക്രിയയിലൂടെ കടന്നുപോയിരുന്നു. വിമാനയാത്രയ്ക്കിടെ ഡെക്കറേറ്റീവ് ഡോർ പാനലിൽ നിന്ന് 'ഹിസിംഗ്' ശബ്ദം കേട്ടു. എന്നാല്‍ അപകടമില്ലെന്ന് വിലയിരുത്തിയ ശേഷം ജീവനക്കാർ വേണ്ട നടപടികള്‍ സ്വീകരിച്ചതായും എയര്‍ ഇന്ത്യ പറഞഞ്ഞു. ഹോങ്കോംഗ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷവും എഞ്ചിനീയറിംഗ് ടീം വിമാനം പരിശോധിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. വിമാനം സർവീസിനായി ക്ലിയർ ചെയ്തതായും എയര്‍ ഇന്ത്യ അറിയിച്ചു. അതേസമയം വിമാനയാത്രയ്ക്കിടെ വാതിൽ ശബ്ദമുണ്ടാക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ENGLISH SUMMARY:

An Air India Boeing 787 flight (AI-314) from Delhi to Hong Kong experienced an unusual hissing sound and vibrations from a cabin door about an hour after takeoff on June 1. The crew responded by stuffing napkins into a visible gap near the door seal. Despite causing concern among passengers, pilots assured there was no safety threat as aircraft doors cannot open mid-air due to cabin pressure. The flight landed safely, and post-landing inspection confirmed no breach of safety protocols. Air India stated that all safety checks had been conducted prior to the flight’s departure.