സുരക്ഷാ പരിശോധനയില്‍ വീഴ്ച വരുത്തിയതിന് എയര്‍ ഇന്ത്യയെ ഡി.ജി.സി.എ നേരത്തെ താക്കീത് ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ ഉപകരണങ്ങള്‍ പരിശോധിക്കാതെ മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ പറത്തിയതിനായിരുന്നു താക്കീത്. വിമാനത്താവള പരിസരങ്ങളിലെ ഉയരമുള്ള കെട്ടിടങ്ങളും മരങ്ങളും നീക്കി തടസമൊഴിവാക്കാന്‍ പുതിയ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി.
അഹമ്മദാബാദ് അപകടത്തിന് ദിവസങ്ങള്‍ക്കു മുമ്പേ മറ്റ് മൂന്നുവിമാനങ്ങളുടെ സുരക്ഷാ പരിശോധനയില്‍ കാലതാമസം വരുത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. എസ്‌കേപ്പ് സ്ലൈഡുകളിലെ അടിയന്തര സുരക്ഷാ ഉപകരണങ്ങള്‍ പരിശോധിക്കാതെ മൂന്ന് എയർബസ് വിമാനങ്ങള്‍ പ്രവർത്തിപ്പിച്ചെന്ന് കണ്ടെത്തിയായിരുന്നു നടപടിയെന്നാണ് റിപ്പോര്‍ട്ട്.
രണ്ടുദിവസം മുതല്‍ മൂന്നുമാസം വരെയാണ് സുരക്ഷാ പരിശോധന വൈകിയത്. അഹമ്മദാബാദ് അപകടവുമായി നടപടിയ്ക്ക് ബന്ധമില്ലെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവരുന്നത്. എയര്‍ ഇന്ത്യ നാല് രാജ്യാന്തര സര്‍വീസുകളടക്കം എട്ട് വിമാനങ്ങള്‍ ഇന്നും റദ്ദാക്കി.
വിമാനദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാനത്താവള പരിസരത്തെ തടസ്സങ്ങൾ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമത്തിന്‍റെ കരട് വിജ്ഞാപനം ചെയ്തു. വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള, ഉയര നിയന്ത്രണങ്ങൾ ലംഘിക്കുന്ന കെട്ടിടമോ മരമോ പൊളിക്കാനോ ഉയരം കുറയ്ക്കാനോ ഡി.ജി.സി.എയ്ക്ക് ഉത്തരവിടാം. ഉടമ പാലിച്ചില്ലെങ്കില്‍ അനധികൃത നിർമ്മാണമായി കണക്കാക്കി, ജില്ലാ കലക്ടർമാർക്ക് പൊളിക്കല്‍ നടപടിയെടുക്കാം. അഹമ്മദാബാദ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേരെകൂടി ഇന്ന് തിരിച്ചറിഞ്ഞു. ഇതുവരെ തിരിച്ചറിഞ്ഞത് 220 പേരെയാണ്. മലയാളി നഴ്സ് രഞ്ജിയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.