വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുശേഷം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ തീരുമാനത്തെ സന്തോഷത്തോടെ അംഗീകരിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശ് സ്വദേശിയായ സുനില്‍ എന്ന 23കാരനാണ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയത്. ഹണിമൂണ്‍ യാത്രയ്ക്കിടെ ഭാര്യ നിയോഗിച്ച വാടകക്കൊലയാളികളാല്‍ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ ദുര്‍വിധി തനിക്ക് ഉണ്ടായില്ലല്ലോ എന്നതാണ് യുവാവിന്‍റെ ആശ്വാസത്തിന് കാരണം.
ഉത്തർപ്രദേശിലെ ബദൗണിലാണ് യുവതി വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളില്‍ കാമുകനൊപ്പം പോയത്. മേയ് 17നായിരുന്നു വിവാഹം. അടുത്തദിവസം തന്നെ യുവതി ഭര്‍ത്തൃവീട്ടിലേക്ക് പോയി. ഒന്‍പത് ദിവസം അവിടെ താമസിച്ചശേഷം വിവാഹച്ചടങ്ങളുടെ ഭാഗമായി തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്നായിരുന്നു കാമുകനൊപ്പമുള്ള ഒളിച്ചോട്ടം.
ഭാര്യയെ കാണാതായതിനെ തുടർന്ന് സുനിൽ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിനിടെ പോലീസ് സ്റ്റേഷനിൽ ഹാജരായ യുവതി കാമുകനൊപ്പം ജീവിക്കാനുള്ള താല്‍പ്പര്യം അറിയിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ പോകാന്‍ അനുവദിച്ചത്.
ഭാര്യയുമായി നൈനിറ്റാളിലേക്ക് ഹണിമൂണിനായി പോകാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നുവെന്നും അവള്‍ കാമുകനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ താന്‍ സന്തോഷവാനാണെന്നും മറ്റൊരു രാജ രഘുവംശിയാകുന്നതിൽ നിന്ന് താന്‍ രക്ഷപ്പെട്ടത് നല്ല കാര്യമെന്നുമായിരുന്നു യുവാവിന്‍റ പ്രതികരണം. ഇപ്പോള്‍ തങ്ങള്‍ മൂന്നുപേരും സന്തുഷ്ടരാണെന്നും യുവാവ് അറിയിച്ചു. ‘എന്‍റെ ഭാര്യയും കാമുകനും അവരുടെ സ്നേഹം കണ്ടെത്തി. എന്‍റെ ജീവിതം നാശത്തില്‍ നിന്നും രക്ഷപ്പെട്ടു’ എന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
പോലീസ് സ്റ്റേഷനിൽ കേസ് രമ്യമായി പരിഹരിച്ചതോടെ വിവാഹസമയത്ത് വധുവിന് നല്‍കിയ ആഭരണങ്ങളും മറ്റും യുവതി ഭര്‍ത്താവിന് തിരികെ നല്‍കി.കരാർ ഔദ്യോഗികമായി രേഖപ്പെടുത്തിയതോടെ കൂടുതൽ നിയമപരമായ സങ്കീർണതകളില്ലാതെ തന്നെ കേസ് അവസാനിപ്പിക്കുകയായിരുന്നു.