അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബ്ലാക് ബോക്സിന് കാര്യമായ കേടുപാടുകളെന്ന് റിപ്പോര്‍ട്ട്. ബ്ലാക് ബോക്സ് യുഎസിലേക്ക് അയച്ച് പരിശോധന നടത്തും. വാഷിങ്ടണിലെ നാഷനല്‍ സേഫ്റ്റി ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡിന്‍റെ ലാബോറട്ടറിയില്‍ ബ്ലാക് ബോക്സ് പരിശോധിക്കും. വ്യോമയാനമന്ത്രാലയത്തിന് കീഴിലെ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയാണ് വിമാന അപകടം അന്വേഷിക്കുന്നത്.
ഡല്‍ഹിയില്‍ വ്യോമയാനമന്ത്രാലയത്തിന് ലാബുണ്ടെങ്കിലും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ വിവരം ശേഖരിക്കാന്‍ തടസ്സമുണ്ടെന്നാണ് വിവരം. ഗുരുത്വാകര്‍ഷണ ബലത്തിന്‍റെ 3,400 മടങ്ങ് ശക്തിയുള്ള ആഘാതവും 1,100 ഡിഗ്രി ചൂടും അതിജീവിക്കാന്‍ കഴിയുന്നതാണ് ബ്ലാക് ബോക്‌സ്.
അതേസമയം, മലയാളി നഴ്സ് രഞ്ജിതയുടെ ഉള്‍പ്പെടെ എഴുപതോളം മൃതദേഹങ്ങൾ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന പുരോഗമിക്കുകയാണ്. ഇതുവരെ നൂറ്റെണ്‍പതോളം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വിമാനദുരന്തത്തില്‍ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ ക്ഷമാപണം നടത്തി. അപകട കാരണത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും അഭ്യൂഹങ്ങളില്‍ വസ്തുതയില്ലെന്നും ടാറ്റാ ഗ്രൂപ്പ്. അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ വലതുവശത്തെ എന്‍ജിന്‍ മാര്‍ച്ചിലാണ് മാറ്റിയത്.
ഇടതുവശത്തെ എന്‍ജിന്‍ കൃത്യമായി സര്‍വീസ് ചെയ്തിരുന്നു. പൈലറ്റുമാരും ഏറെ പരിചയസമ്പന്നരെന്നും എന്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ വിദേശ സര്‍വീസുകള്‍ 15 ശതമാനം വെട്ടിക്കുറച്ചു. ജൂലൈ പകുതിവരെ നിയന്ത്രണം തുടരും. വിമാനങ്ങളുടെ സുരക്ഷാ പരിശോധനയും പല രാജ്യങ്ങളും വ്യോമാതിര്‍ത്തി അടച്ചതുമാണ് റദ്ദാക്കലിന്‍റെ കാരണം.