വിമാനം വൈകുന്ന വാര്‍ത്തകള്‍ പുതിയതല്ല. അഹമ്മദാബാദ് അപകടത്തെ തുടര്‍ന്നു നടക്കുന്ന പരിശോധനയും പ്രതികൂല കാലാവസ്ഥയുമെല്ലാം സമീപകാലത്ത് വിമാനങ്ങള്‍ വൈകാന്‍ കാരണമാകുന്നുണ്ട്. മണിക്കൂറുകള്‍ വിമാനങ്ങള്‍ വൈകുന്നു എന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും അതിന് പിന്നില്‍ നടക്കുന്ന ചില സംഭവങ്ങളെക്കുറിച്ച് ആരും അത്ര ബോധവാന്‍മാരല്ല. ഇതുമൂലം യാത്രക്കാരുടെ ഭാഗത്തു നിന്ന് കശപിശയുണ്ടാകുന്നും പതിവാണ്.
ഈയടുത്ത് വൈകിയ സ്പൈസ് ജെറ്റ് യാത്രക്കാര്‍ ഉള്‍പ്പെട്ട ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. രണ്ടാഴ്ച മുന്‍പ് പുണെ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനം വൈകിയതിന് പിന്നാലെ യാത്രക്കാര്‍ക്ക് സ്പൈസ് ജെറ്റ് ഭക്ഷണം നല്‍കിയിരുന്നു എന്നാല്‍ യാത്രക്കാര്‍ക്ക് ലഭിച്ച ബിരിയാണി പഴകിയതാണെന്നായിരുന്നു ആരോപണം. ബിരിയാണി മോശമായി തോന്നിയതോടെ യാത്രക്കാര്‍ പ്രതിഷേധമാരംഭിച്ചു. ഇതിനെ ബിരിയാണി എന്ന് വിളിക്കാനാകുമോ എന്ന് യാത്രക്കാര്‍ ചോദിക്കുന്നു.
സംഭവത്തില്‍ ഇടപെടാനെത്തിയ സ്പൈസ് ജെറ്റ് ജീവനക്കാരന് നേരിടേണ്ടി വന്നത് അത്യന്തം കുപിതരായിരുന്ന ഒരു പറ്റം യാത്രക്കാരെയാണ്. 'ഇത്രയും മോശം ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ പട്ടികളാണോ' എന്നായിരുന്നു ഒരു യാത്രക്കാരന്‍റെ ചോദ്യം. ശകാരം തുടര്‍ന്ന സംഘം സ്പൈസ് ജെറ്റ് ജീവനക്കാരനോട് ഭക്ഷണം കഴിച്ച് മോശമാണോ എന്ന് നോക്കാന്‍ ആവശ്യപ്പെടുന്നു.
ആദ്യം വിസമ്മതിച്ച ജീവനക്കാരന്‍ എന്നാല്‍ നിര്‍ബന്ധത്തിന് വഴങ്ങി അവസാനം ബിരിയാണി കഴിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഒരു സ്പൂണ്‍ ബിരിയാണി കഴിച്ച ജീവനക്കാരന്‍ ഇത് വായില്‍ വച്ച് ചവയ്ക്കും മുന്‍പ് ബിരിയാണി പ്രശ്നമൊന്നുമില്ലെന്ന് പറയുന്നു. ഇതോടെ യാത്രക്കാര്‍ വീണ്ടും കുപിതരാവുന്നു. ഇതെന്താണെന്ന ചോദ്യത്തിന് ഇത് പുലാവാണെന്ന് ജീവനക്കാരന്‍ മറുപടി പറയുന്നു. . ഈ ഭക്ഷണത്തിന് ഒരു രുചിയുമില്ലെന്നും . ഒരു സ്പൂണ്‍ മാത്രം കഴിച്ചപ്പോഴേക്കും ജീവനക്കാരന്‍റെ മുഖം വാടിയെന്നും യാത്രക്കാര്‍ പറയുന്നുണ്ട്. എയര്‍പോര്‍ട്ടിന്‍റെ അകത്തായിപ്പോയി, പുറത്ത് നിന്ന് ഈ ഭക്ഷണം എനിക്ക് തരുകയാണെങ്കില്‍ തരുന്നയാളുടെ മുഖത്തേക്ക് എറിഞ്ഞേനെയെന്നും ഒരു യാത്രികന്‍ പറയുന്നുണ്ട്. ഒടുവില്‍ ജീവനക്കാരനെ വെള്ളം കുടിപ്പിച്ചാണ് യാത്രക്കാര്‍ മടക്കിയയച്ചത്.
വിഡിയോയില്‍ പ്രതികരിച്ച് സ്പൈസ് ജെറ്റും രംഗത്തുവന്നിട്ടുണ്ട്. തങ്ങള്‍ നല്‍കുന്നത് മികച്ച ഭക്ഷണമാണെന്നും യാത്രക്കാര്‍ക്ക് ലഭിച്ച ഭക്ഷണം എയര്‍പോര്‍ട്ടിലേതുമാണെന്നുമായിരുന്നു പ്രതികരണം. സംഭവത്തെ തങ്ങളുടെ ജീവക്കാരന്‍ മാന്യമായി പ്രതിരോധിച്ചെന്നും ജീവനക്കാരനെ ശകാരിച്ചിട്ടും അനാവശ്യമായി തൊട്ടിട്ടും അയാള്‍ മാന്യത കൈവിട്ടില്ലെന്നും സ്പൈസ് ജെറ്റ് കുറിച്ചു. എന്നാല്‍ സ്പൈസ് ജെറ്റിനെതിരെ പ്രതിഷേധം തുടരുകയാണ്.