air-india-boeing

എയര്‍ ഇന്ത്യയുടെ ബോയിങ് നിര്‍മിത 787 ശ്രേണിയിലെ വിമാനങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍. ഇതുവരെ നടത്തിയ പരിശോധനയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും ഡി.ജി.സി.എ. വ്യക്തമാക്കി. എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന 33 വിമാനങ്ങളില്‍ 24 എണ്ണത്തില്‍ ഇതുവരെ പരിശോധന പൂര്‍ത്തിയായി. 

സുരക്ഷാപരിശോധനയിലെ കാലതാമസം ഒഴിവാക്കണമെന്ന് ഡി.ജി.സി.എ. എയര്‍ ഇന്ത്യയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനും നിര്‍ദ്ദേശം നല്‍കി. വിമാനം റദ്ദാക്കുന്നതും വൈകുന്നതും യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണമെന്നാണ് ഡിജിസിഎ നിര്‍ദ്ദേശം. സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കണം. കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു. 

ഡിജിസിഎ നിര്‍ദ്ദേശിച്ച സുരക്ഷാ പരിശോധനകള്‍ തുടരുന്നതിനാല്‍ എയര്‍ ഇന്ത്യ വിമാന പ്രതിസന്ധി തുടരുമെന്നാണ് സൂചന. വരും ദിവസങ്ങളിലും എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കാനോ വൈകാനോ സാധ്യതയുണ്ടെന്നാണ് വിവരം. ഇന്ന് ഏഴ് രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പടെ 16 വിമാന സർവീസുകളാണ് എയർ ഇന്ത്യയുടെ റദ്ദാക്കിയത്. ഇതില്‍ 13 എണ്ണവും 787 ഡ്രീംലൈനർ വിമാനങ്ങളാണ്. 

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലെ ഗാട്‌വിക്കിലേക്കുള്ള വിമാനവും ഗാട്‌വിക്കില്‍നിന്ന് അമൃത്സറിലേക്കുള്ള വിമാനവും ഡല്‍ഹിയില്‍നിന്ന് പാരീസിലേക്കുള്ള വിമാനവും ഡല്‍ഹി മെല്‍ബണ്‍ വിമാനവുമാണ് റദ്ദാക്കിയത്. ഡി.ജി.സി.എ നിര്‍ദേശിച്ച പരിശോധനകള്‍ വിമാനങ്ങളില്‍ നടത്തേണ്ടതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത് എന്നാണ് വിവരം. 

ENGLISH SUMMARY:

DGCA confirms Air India's Boeing 787s comply with safety standards, finding no technical issues so far. Despite this, flight cancellations and delays persist as safety inspections continue. Air India advised to avoid delays and inform passengers.