നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞ അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെ എയർ ഇന്ത്യ തങ്ങളുടെ വിമാന നമ്പർ AI 171 ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓർമകൾ ഒഴിവാക്കാനായാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. 

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്കുള്ള വിമാനത്തിന്റെ നമ്പർ  AI 159 എന്നാക്കും. ലണ്ടനിൽ നിന്ന് മടങ്ങി വരുന്ന വിമാനത്തിന് AI 160 എന്ന പുതിയ നമ്പറും നൽകും. ഈ മാറ്റം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും, വിമാനത്തിന്റെ പുതിയ നമ്പർ പുനർനിർണ്ണയിക്കുന്നതിനെക്കുറിച്ച് എയർ ഇന്ത്യ ഔദ്യോഗികമായി  പ്രസ്താവന നടത്തിയിട്ടില്ല.

Also Read: അഹമ്മദാബാദ് വിമാന അപകടം; മരിച്ച 32 പേരെ തിരിച്ചറിഞ്ഞു

അതേസമയം, വിമാന അപകടത്തെക്കുറിച്ച് അന്വേഷണ ഏജൻസികൾ എയർ ഇന്ത്യയിൽ നിന്ന് വിശദമായ വിവരങ്ങൾ തേടിയിട്ടുണ്ട്. അപകടം സംഭവിക്കുന്നതിന് മുൻപ് വിമാനം പറത്തിയിരുന്ന പൈലറ്റുമാരുടെയും ക്രൂ അംഗങ്ങളുടെയും വിവരങ്ങളാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നോ എന്ന് കണ്ടെത്താനാണ് ഈ നീക്കം. അപകടത്തിന് സംഭവിക്കുന്നതിന് മുന്‍പുള്ള എട്ട് ദിവസത്തെ വിവരങ്ങളാണ് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് സർവീസ് നടത്തുന്ന എല്ലാ ബോയിംഗ് 787 ശ്രേണിയിൽപ്പെട്ട വിമാനങ്ങളിലും സുരക്ഷാ പരിശോധന കർശനമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു. അഹമ്മദാബാദ് വിമാനപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പ്രാഥമിക അന്വേഷണത്തിൽ, അപകടത്തിൽപ്പെട്ട വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും പൈലറ്റുമാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിൽ നിന്ന് കണ്ടെത്തിയ ബ്ലാക്ക്ബോക്സ് വിശദമായ പരിശോധനകൾക്കായി ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് കൈമാറും.

Also Read: എമര്‍ജന്‍സി എക്സിറ്റിന് സമീപം അദ്ഭുത സീറ്റോ? അങ്ങനെ സുരക്ഷിതമായ ഒരു സീറ്റുണ്ടോ?

ജൂണ്‍ 12-ാം തീയതി തകര്‍ന്നുവീണ വിമാനത്തിന്റെ നമ്പറായിരുന്നു എഐ 171. ബോയിങ് 787-8 ഡ്രീംലൈനര്‍ വിഭാഗത്തില്‍പ്പെട്ട വിമാനം, വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38-ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണു. 11 എ എന്ന സീറ്റിലെ യാത്രക്കാരനായ വിശ്വാസ് കുമാർ രമേഷ് ഒഴികെയുള്ള മുഴുവന്‍ യാത്രക്കാരും അപകടത്തില്‍ മരിച്ചു. കൂടാതെ വിമാനം തകര്‍ന്നവീണ കെട്ടിടങ്ങള്‍ക്കുള്ളിലും പരിസരത്തുണ്ടായിരുന്നവര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.

ENGLISH SUMMARY:

Following the deadly Ahmedabad air crash involving AI 171, Air India has decided to discontinue the flight number to avoid triggering painful memories among passengers. The Ahmedabad–London Gatwick route will now operate as AI 159, and the return flight as AI 160. Investigations into the crash are ongoing, with authorities demanding detailed data from the airline.