അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട 119 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ച 18 പേർ ആരാണെന്ന് യാതൊരു സൂചനയുമില്ല. വിമാനത്തിൽ നിന്ന് യാത്രക്കാരനായ വിശ്വാസ് കുമാർ രക്ഷപ്പെട്ടതിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 74 മൃതദേഹങ്ങളാണ് ഇതുവരെ വിട്ടുനൽകിയത്.  

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ നിന്നുള്ള വിശ്വാസ് കുമാറിന്‍റെ അത്ഭുത രക്ഷപെടലിന്‍റെ ദൃശ്യമാണ് പുറത്തുവന്നത്. വിമാനം തകർന്ന് കത്തുമ്പോള്‍ വിശ്വാസ് കുമാർ ഹോസ്റ്റൽ പരിസരത്തുനിന്ന് പുറത്തേക്ക് നടന്നുവരുന്നു.  രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് ഇപ്പോഴും അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

നാലാം ദിനത്തിലും വിങ്ങലോടെ കാത്തിരിക്കുകയാണ് മനുഷ്യർ. അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് 180 ലേറെ മൃതദേഹങ്ങൾ. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. 241 പേർ വിമാനത്തിലുണ്ടായിരുന്നവർ. നാല് മെഡിക്കൽ വിദ്യാർഥികളും നാട്ടുകാരും ഒഴികെ 18 പേരുടെകൂടി മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ ആരാണെന്നത് അവ്യക്തമാണ്. നാലുപേരെ കാണാതായത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

ഇന്നലെ തിരിച്ചറിഞ്ഞ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. പൊതുദർശനത്തിനും വിലാപയാത്രക്കും ശേഷം ഔദ്യോഗിക ബഹുമതികളോടെ രാജ്കോട്ടിലാണ് സംസ്കാര ചടങ്ങുകൾ. മലയാളി നേഴ്സ് രഞജിത.ജി.നായരുടെ ഡിഎന്‍എ ഒത്തുനോക്കൽ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. 

ENGLISH SUMMARY:

In the Ahmedabad air disaster, 119 victims have been identified while 18 remain unidentified. New footage has emerged showing Vishwas Kumar, the sole survivor, walking away from the wreckage near a hostel as the Air India flight burns. He is currently under treatment at Ahmedabad Civil Hospital. Of the 274 confirmed deaths, 241 were passengers. Former Gujarat CM Vijay Rupani’s body has been handed over to his family, and his funeral was held in Rajkot with state honors. The DNA match of Malayali nurse Ranjitha G. Nair is still awaited. Over 180 bodies await identification, and four people are reported missing.