കഴിഞ്ഞ ദിവസം നടന്‍ വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ നേതൃത്വത്തില്‍ പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ അഭിനന്ദിച്ച് പ്രത്യേക പരിപാടി നടത്തിയിരുന്നു. മാമല്ലപുരത്ത് നടന്ന മൂന്നാം ഘട്ട അവാര്‍ഡ് ദാന ചടങ്ങില്‍ വിജയ് നേരിട്ടെത്തിയാണ് വിദ്യാര്‍ഥികളെ ആദരിച്ചത്.
വേദിയിലെത്തിയ മിക്ക വിദ്യാര്‍ഥികളും മാതാപിതാക്കളും താരത്തെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഭാവി മുഖ്യമന്ത്രി എന്നാണ് പലരും താരത്തെ വിശേഷിപ്പിച്ചത്. ഇതിനിടയ്ക്ക് ഒരു പെണ്‍കുട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 20 വര്‍ഷം മുമ്പ് തന്‍റെ അമ്മ വിജയ്യെ കാണാന്‍ ശ്രമിച്ചതിനെ പറ്റിയാണ് പെണ്‍കുട്ടി സംസാരിച്ചത്. അമ്മയും വിദ്യാര്‍ഥിക്കൊപ്പം വേദിയിലുണ്ടായിരുന്നു.
'വിജയ് സാര്‍ ഇതെല്ലാം പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് ഒരുപാട് പേര് പറയുന്നുണ്ട്. എന്നാല്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍റെ അമ്മയോടും ഇത് തന്നെയാണ് വിജയ് സാര്‍ പറഞ്ഞത്, നന്നായി പഠിക്കൂ എന്ന്. അന്ന് എന്‍റെ അമ്മ ക്ലാസ് കട്ട് ചെയ്തിട്ട് വിജയ് സാറിനെ കാണാന്‍ പോയപ്പോള്‍ കാണാന്‍ പറ്റില്ല എന്നാണ് സാര്‍ പറഞ്ഞത്. എന്നെ എപ്പോള്‍ വേണമെങ്കിലും കാണാം, ഇപ്പോള്‍ പഠനമാണ് പ്രധാനം എന്നാണ് പറഞ്ഞത്. നന്നായി പഠിച്ച് ഈ വേദിയിലെത്തി അമ്മയുടെ ആഗ്രഹത്തെ നിറവേറ്റിയപ്പോള്‍ മകളെന്ന നിലയ്ക്ക് എനിക്ക് അഭിമാനമുണ്ട്,' പെണ്‍കുട്ടി സംസാരിക്കുന്നതിനിടയ്ക്ക് വിജയ് അമ്പരക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്