ഗുജറാത്ത് അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാന ദുരന്തം ഉണ്ടായ സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരേയും സന്ദര്‍ശിച്ചു. ഇതിനിടെ ദുരന്തത്തിന്റെ വ്യാപ്തി വീണ്ടും ഉയര്‍ത്തി മരണസംഖ്യ ഉയരുന്നു. അഹമ്മദാബാദിലെ സിറ്റി സിവില്‍ ആശുപത്രിയില്‍ 265 മൃതദേഹങ്ങള്‍ എത്തിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചവരില്‍ വിമാന യാത്രക്കാര്‍ 241 മാത്രമാണ്. വിമാനം പതിച്ച ഹോസ്റ്റലിലെ അന്തേവാസികളും പ്രദേശവാസികളുമാണ് മരിച്ച മറ്റുള്ളവരെന്നാണ് വിവരം. ഡിഎന്‍എ പരിശോധനയ്ക്കുശേഷം മരണസംഖ്യ പുറത്തുവിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര വ്യോമയാനമന്ത്രി റാംമോഹന്‍ നായിഡുവും അഹമ്മദാബാദില്‍ ക്യാംപ് ചെയ്യുകയാണ്. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്.
Read Also: യുകെ എയര്‍ ആക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ സംഘം ഇന്ത്യയിലെത്തും; എയര്‍ ഇന്ത്യ സിഇഒ അപകടസ്ഥലത്ത്
അഹമ്മബാദില്‍ നിന്ന് ലണ്ടനിലേക്ക് 242 പേരുമായി പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നയുടന്‍ തകര്‍ന്നുവീഴുകയായിരുന്നു. എങ്ങനെയാണ് ടേക്ക് ഓഫ് ചെയ്ത് 625 അടി ഉയരത്തിലെത്തിയ ഒരു വിമാനം പെട്ടെന്ന് തകര്‍ന്ന് വീണത്? എന്തൊക്കെയാണ് സാധ്യതകള്‍. വിമാനത്തിന്റെ, ആകാശത്തെ അവസാന നിമിഷങ്ങളുടെ, ലഭ്യമായ ഒരു വിഡിയോയിൽ കാണുന്ന മൂന്നു അപകടം ക്ഷണിച്ചുവരുത്തുന്ന കാര്യങ്ങളില്‍ ഫോക്കസ് ചെയ്താണ് ഈ മേഖലയിലെ വിദഗ്ധര്‍ അത് വിശദീകരിക്കുന്നത്. അതിപ്രകാരമാണ്.
1. അറുനൂറടിയോളം പൊക്കത്തിൽ പറക്കുമ്പോഴും താഴ്ന്നു തന്നെയിരിക്കുന്ന ചക്രങ്ങൾ
2. വിഡിയോയിലെ വിദൂരക്കാഴ്ചയിൽ, നേരെ തന്നെയിരിക്കുന്നു എന്നു തോന്നിക്കുന്ന, ചിറകിനു പിന്നിലെ ഫ്‌ളാപ്പുകൾ
3. വീഴ്ചയ്ക്കു മുന്നേ മുകളിലേക്കുകയരാനുള്ള ശ്രമം
200-400 അടിപ്പൊക്കത്തിലെത്തുമ്പോഴേക്കും വീലുകൾ മുകളിലേക്കുയർത്തുകയാണ് പതിവ്.
ഇവിടെ അറുനൂറായിട്ടും പൈലറ്റുമാർ ചക്രങ്ങൾ മുകളിലേക്കു കയറ്റാത്തത് പ്രശ്‌നത്തിന്റെ തന്നെ സൂചികയാണ്.
അപ്പോള്‍ എന്തുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്. സാധ്യതകൾ പലതാണ്.
1. ലാൻഡിങ് ഗിയർ ചലിപ്പിക്കുന്ന ഹെഡ്രോളിക് സംവിധാനത്തിന്റെ തകരാർ
2. പൈലറ്റുമാരുടെ മറവി
3. വിമാനത്തിന്റെ കുഴപ്പം തിരിച്ചറിഞ്ഞ്, തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചതാകാനും സാധ്യത
ടേക്ക് ഓഫ് ചെയ്യുമ്പോഴും പറന്നു കയറുമ്പോഴും ചിറകിനു പിന്നിലെ പാളികൾ താഴ്ത്തി വയ്ക്കുന്നത് വിമാനത്തിന് മുകളിലേക്ക് കൂടുതൽ തള്ളൽ കിട്ടാനാണ്. ഈ ലിഫ്റ്റ് കുറഞ്ഞാൽ രണ്ടു കാര്യങ്ങളും നടക്കില്ല. എന്നാൽ അഹമ്മദാബാദ് വിമാനത്താവളത്തിലെ 3480 മീറ്റർ നീളമുള്ള റൺവേയിലെ വെറും 1900 മീറ്ററിൽ താഴെ ദൂരം മാത്രം ഉപയോഗിച്ച് പറന്നുയർന്ന ഈ വിമാനത്തിലെ ഫ്‌ളാപ്പുകൾ, ഉയരാനുള്ള ഓട്ടത്തിൽ താഴ്ന്നു തന്നെയിരുന്നു എന്നത് ഉറപ്പാണ്.