അഹമ്മദാബാദില്‍ ദുരന്തത്തില്‍പ്പെട്ട വിമാനം ബോയിങ് 787– ഡ്രീംലൈനറിന്റെ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ കണ്ടെത്തി . വിമാനത്തിലെ വിവിധ കാമറകളുടെ ദൃശ്യങ്ങള്‍ ഇത് പരിശോധിക്കുന്നതിലൂടെ ലഭിച്ചേക്കും. എങ്ങനെ അപകടമുണ്ടായി എന്ന് കണ്ടെത്തുന്നതില്‍ ഇത് നിര്‍ണായകമാകും. 

Also Read: അവസാന നിമിഷങ്ങള്‍..മര്‍ദം കിട്ടാതെ വിമാനം; കോക്പിറ്റില്‍ സംഭവിച്ചതെന്ത്? സാധ്യതകള്‍ ഇങ്ങനെ


അതേസമയം, ഡിജിസിഎയുടെ ഉന്നതതല സംഘം അന്വേഷണം തുടങ്ങി. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളും വിശദാംശങ്ങള്‍ ശേഖരിക്കുന്നു.  വൈദ്യതി തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിയമനം. ബോയിങ്ങിന്‍റെ സാങ്കേതിക സംഘം ഉടനെത്തും.

പറന്നുയര്‍ന്ന് 32 സെക്കന്‍ഡ് കൊണ്ട് തകര്‍ന്നുവീഴാന്‍ മാത്രം എയര്‍ ഇന്ത്യയുടെ ബോയിങ് നിര്‍മിത ഡ്രീംലൈനര്‍ വിമാനത്തിന് സംഭവിച്ചത് എന്താണ്?. വൈദ്യുത തകരാറാണ് മുഖ്യസാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. ഇക്കാര്യം പൈലറ്റ് എടിസിയെ അറിയിച്ചിരുന്നെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്. വിമാന ഇന്ധനത്തില്‍ മറ്റെന്തോ രാസവസ്തു കലര്‍ന്നുവെന്ന സൂചനകള്‍, ഭാരക്കൂടുതല്‍, ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവ് എന്നിവയാണ് മറ്റ് സാധ്യതകള്‍. വിമാനത്തിന്‍റെ രണ്ട് എന്‍ജിനും ഒരേസമയം തകരാര്‍ സംഭവിച്ചതോ ചിറകിലെ ഫ്ലാപ് പ്രവര്‍ത്തിക്കാതെ വന്നതോ ആവാം. പക്ഷികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാവാം എന്നും ചിലര്‍ പറയുന്നു. 

വ്യോമയാനമന്ത്രാലയത്തിന് കീഴിലെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ വിശദ അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രാലയത്തിന് ഉടന്‍ കൈമാറും. യുഎസിന്‍റെയും ബ്രിട്ടന്‍റെയും വിദഗ്ധ സംഘവും അന്വേഷണത്തെ സഹായിക്കുന്നുണ്ട്. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളും വിവരശേഖരണം തുടങ്ങി. വിമാനത്തിന്‍റെ ഫ്ലൈറ്റ് ഡേറ്റയും കോക്പിറ്റ് വോയിസ് റെക്കോര്‍ഡും വീണ്ടെടുക്കുന്നത് നിര്‍ണായകമാണ്.  ബോയിങ്ങിന്‍റെ 787 - 8 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ രാജ്യത്തെ വിമാന കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്.

മരണം 265

വിമാനദുരന്തത്തില്‍ മരണം 265 ആയി. പരുക്കേറ്റവരുടെ എണ്ണത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ഡിഎന്‍എ പരിശോധനയ്ക്കുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തുതുടങ്ങി. ആകാശ ദുരന്തത്തിന്‍റെ ആഘാതത്തില്‍ മരവിച്ചുനില്‍ക്കുകയാണ് അഹമ്മദാബാദ്. ഡിഎന്‍എ സാംപിളുകള്‍ നല്‍കാനായി ആശുത്രിയിലെത്തുന്നവരുടെ നീണ്ട നിരയാണ് സിവില്‍ ആശുപത്രിയില്‍. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നു. രാവിലെ തന്നെ കൂടുതല്‍ പരിശോധന കിറ്റുകള്‍ ആശുപ്രതിയിലെത്തിച്ചു.    

ഗുജറാത്ത് ആരോഗ്യവകുപ്പിന്‍റെയും എയര്‍ ഇന്ത്യയുടെയും ജീവനക്കാര്‍ കൈ മെയ് മറന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കുന്നു. കരഞ്ഞുതളര്‍ന്ന് എത്തുന്നവരെ ആശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് അധികൃതരും സന്നദ്ധപ്രവര്‍ത്തകരും. ഊണും ഉറക്കവും ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍ ദുരന്തഭൂമിയില്‍ തിരച്ചില്‍ തുടരുന്നു. കത്തിക്കരിഞ്ഞ മൃതദേഹഭാഗങ്ങള്‍ വാരിയെടുത്ത രക്ഷാപ്രവര്‍ത്തകര്‍ അടുത്ത ദൗത്യത്തിനായി കാത്തുനില്‍ക്കുന്നു.

ഔദ്യോഗിക കണക്കനുസരിച്ച് മരിച്ചവര്‍ 265 ആണ്. ഇതില്‍ 241 പേരാണ് വിമാന യാത്രക്കാര്‍. ബിജെ മെഡിക്കല്‍ കോളജ് കോംപ്ലക്സിലുണ്ടായിരുന്ന നാല് എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മരിച്ച മറ്റുള്ളവര്‍ പ്രദേശവാസികളാണ് എന്നാണ് സൂചന. ഡിഎന്‍എ പരിശോധനകള്‍ക്കുശേഷം മാത്രമ മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിടുകയുള്ളു. അതേസമയം, പരുക്കേറ്റവരുടെ എണ്ണത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 50നും 75നും ഇടയില്‍ ആളുകള്‍ ചികില്‍സയില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. ഇതില്‍ 12 പേരുടെ നില അതീവഗുരുതരമാണ്.

ENGLISH SUMMARY:

Ahmedabad plane crash: Air India flight’s DVR recovered by ATS, one black box still missing