അഹമ്മദാബാദില്‍ തകര്‍ന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനം തകര്‍ന്നുവീണ കെട്ടിടത്തിനു മുകളില്‍നിന്നാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇത് നിർണ്ണായകമാകും. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. പരുക്കേറ്റവരുടെ എണ്ണത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. Also Read: 'ത്രസ്റ്റ് കിട്ടുന്നില്ല, ഉയര്‍ത്താന്‍ കഴിയുന്നില്ല'; പൈലറ്റിന്റെ മെയ്ഡേ കോള്‍ വിവരങ്ങള്‍ പുറത്ത്
തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയാകാൻ 72 മണിക്കൂർ വരെ എടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിഎൻഎ സാമ്പിളുകൾ നൽകാനായി സിവില്‍ ആശുപത്രിയിൽ ആളുകളുടെ നീണ്ട നിരയാണ്. കൂടുതൽ പരിശോധനാ കിറ്റുകൾ രാവിലെ തന്നെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. Also Read: അഹമ്മദാബാദ് വിമാനാപകടം; പ്രതിസന്ധിയില്‍ എയര്‍ ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദർശിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ ഉൾപ്പെടെയുള്ളവരെ മോദി ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു. ചികിത്സയിലുള്ള മറ്റുള്ളവരെയും അദ്ദേഹം സന്ദർശിച്ചു. അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യയെയും മോദി നേരിൽ കണ്ട് ആശ്വസിപ്പിച്ചു. "നാശത്തിന്റെ രംഗം സങ്കടകരമാണ്," പ്രധാനമന്ത്രി എക്സിൽ കുറിച്ചു. "അപകടത്തിന് ശേഷം അശ്രാന്തമായി പ്രവർത്തിക്കുന്നവരെ കണ്ടു. സങ്കൽപ്പിക്കാനാകാത്ത ദുരന്തമാണ് നടന്നത്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.