ലണ്ടൻ ലക്ഷ്യമാക്കി പറക്കാനുള്ള ടേക്-ഓഫിന് ശേഷം സെക്കൻഡുകൾക്കുള്ളിലാണ് എയർ ഇന്ത്യയുടെ എഐ-171 വിമാനം അഹമ്മദാബാദിൽ തകർന്നുവീണത്. പറന്നുയര്‍ന്ന നിമിഷം വിമാനത്തിന്‍റെ സഹപൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് ‘മേയ് ഡേ’ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുശേഷം ബന്ധം നഷ്ടപ്പെടുകയും വിമാനം തകർന്നുവീഴുകയുമായിരുന്നു.
ബോയിങ്-787 ഡ്രീംലൈനർ എയർക്രാഫ്റ്റാണ് ഇന്ന് ഉച്ചയ്ക്ക് 1.40ഓടെ അഹമ്മദാബാദ് വിമാനത്താവളത്തിൽ തകർന്നുവീണത്. 240 പേർ വിമാനത്തിലുണ്ടായിരുന്നു. 230 യാത്രക്കാരും 10 ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും. ആകെ 8,200 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള ക്യപ്റ്റൻ സുമീത് സഭർവാൾ ആയിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്.
വിമാനം തകര്‍ന്നുവീണത് കെട്ടിടത്തിന്‍റെ മുകളിലേക്കാണ്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമാനാപകടത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയുമായും, ആഭ്യന്തര മന്ത്രിയുമായും, പോലീസ് കമ്മീഷണറുമായും സംസാരിച്ചു. വേണ്ട സഹായം നൽകുമെന്ന് ഉറപ്പ് നൽകി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.