അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണത് ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റല്‍ പരിസരത്ത്  തീപടര്‍ന്നതിനെ തുടര്‍ന്ന്  ഹോസ്റ്റലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഞ്ചുപേര്‍ വെന്തുമരിച്ചു. എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്ന സമയത്താണ് വിമാനം ഹോസ്റ്റല്‍ പരിസരത്തേക്ക് ഇടിച്ചിറങ്ങിയത്. അപകടത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണമായി തകർന്നു. ഡോക്ടർമാരുടെ താമസസ്ഥലങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന തൊഴിലാളികൾക്കും പരുക്കേറ്റു. Also Read: 'മേയ്ഡേ';അപായമെന്ന് മൂന്നുവട്ടം സന്ദേശം; പിന്നാലെ റേഡിയോ നിശബ്ദം; ദുരന്തം പറന്നിറങ്ങിയതിങ്ങനെ

വിമാനത്തിലുണ്ടായിരുന്ന  242 പേരും മരണമടഞ്ഞു. ആകെ യാത്രക്കാരിൽ 169 പേർ ഇന്ത്യക്കാരും, 53 പേർ ബ്രിട്ടീഷുകാരും, 7 പേർ പോർച്ചുഗീസുകാരും, ഒരാൾ കാനഡക്കാരനുമാണ്. 104 പുരുഷന്മാരും 112 സ്ത്രീകളും, 12 കുട്ടികളും, രണ്ട് പിഞ്ചുകുഞ്ഞുങ്ങളും യാത്രക്കാരിൽ ഉൾപ്പെടുന്നു. ദുരന്തത്തിൽ മലയാളി നഴ്സ് രഞ്ജിത ആര്‍ നായര്‍ (40) മരിച്ചതായി സ്ഥിരീകരിച്ചു. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനിയാണ്. യുകെയിൽ നഴ്‌സായ രഞ്ജിത നാട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു ദുരന്തം. സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളാണ് രഞ്ജിതയ്ക്കുള്ളത്.

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് ശേഷം വെറും 800 അടി മാത്രം ഉയർന്ന വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് അപായസന്ദേശം അയച്ചിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് ലക്ഷ്യമാക്കി 1.17ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് തകർന്നു വീണത്. അപകടത്തെ തുടർന്ന് അടച്ചിട്ടിരുന്ന അഹമ്മദാബാദ് വിമാനത്താവളം മൂന്നര മണിക്കൂറിന് ശേഷം വീണ്ടും തുറന്നു.