maoist-decline

TOPICS COVERED

രാജ്യത്ത് മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ഗണ്യമായ കുറവെന്ന് കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. 2004 മുതല്‍ 2014 വരെയും 2014 മുതല്‍ 2024 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ രാജ്യത്ത് 16,463 മാവോയിസ്റ്റ് ആക്രമണങ്ങളുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. അതേസമയം 2014 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ 7,744 ആയി കുറഞ്ഞു. അതായത് ആക്രമണങ്ങളിലുണ്ടായ കുറവ് 53 ശതമാനം. സുരക്ഷാ സേനയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും സേനയ്ക്കുണ്ടാകുന്ന ജീവഹാനിയിലും ഗണ്യമായ കുറവും ഇക്കാലയളവിലുണ്ടായിട്ടുണ്ട്. 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 1,851 സുരക്ഷാ സേനാംഗങ്ങള്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ വീരമൃത്യുവരിച്ചിരുന്നു. എന്നാല്‍ 2014 മുതല്‍ 2024 വരെയുള്ള കാലയളവില്‍ വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ എണ്ണം 509 ആയി കുറഞ്ഞു. അതായത് 73 ശതമാനം കുറവ്.

ഇനി സാധാരണക്കാര്‍ക്കുണ്ടാകുന്ന (സിവിലിയന്‍സ്) ജീവഹാനിയിലെ കണക്കിലും വലിയ കുറവുണ്ട്. 2004 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ 4,766 സാധാരണക്കാര്‍ക്കാണ് മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ 2014 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ജീവഹാനി നേരിട്ടത് 1,495 സാധാരണക്കാര്‍ക്കാണ്.

രാജ്യത്ത് മാവോയിസ്റ്റുകള്‍ക്ക് ശക്തിയുള്ള ജില്ലകള്‍ ഇന്ന് പത്തില്‍ താഴെ മാത്രമാണ്. ബഹുഭൂരിപക്ഷവും ഛത്തീസ്ഗഡില്‍. കഴിഞ്ഞവര്‍ഷം രാജ്യത്ത് വധിച്ചത് 290 മാവോയിസ്റ്റുകളെയാണ്. 1,090 പേരെ അറസ്റ്റ് ചെയ്തു. 881 മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിച്ച് കീഴടങ്ങി. ഈവര്‍ഷം ഇതുവരെ 226 മാവോയിസ്റ്റുകളെ സേന വധിച്ചു. രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 418 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു.

 896 മാവോയിസ്റ്റുകള്‍ ഈവര്‍ഷം കീഴടങ്ങിയിട്ടുണ്ട്. 2019 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ജനറല്‍ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി, പിബി അംഗങ്ങളായ 18 ഉന്നത മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. 50 ലക്ഷം രൂപ മുതല്‍ 1.47 കോടി രൂപ വരെ സേന തലയ്ക്ക് വിലയിട്ട മാവോയിസ്റ്റുകള്‍ ഇക്കൂട്ടത്തിലുണ്ട്. അടുത്തവര്‍ഷം മാര്‍ച്ച് 31നകം രാജ്യത്തുനിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുള്ളത്.

ENGLISH SUMMARY:

The Indian central government has released data showing a significant decline in Maoist attacks across the country. Comparing the periods of 2004-2014 and 2014-2024, incidents dropped by 53%, from 16,463 to 7,744. Casualties among security forces also saw a sharp 73% reduction, from 1,851 to 509 over the same comparative decades.