ഗോവ മെഡിക്കൽ കോളജിലെ ഡോക്ടറെ അപമാനിച്ച ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആരോഗ്യ പ്രവർത്തകനെ പരസ്യമായി അധിക്ഷേപിച്ച വിശ്വജിത്ത് റാണ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ അപ്രതീക്ഷിതമായി ഡോക്ടർമാരുടെ സംഘടനയും പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ സർക്കാരും പ്രതിരോധത്തിലായി.
ഡോക്ടറെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് തല ഊരിയെങ്കിലും ആരോഗ്യ മന്ത്രിക്കെതിരെ ഡോക്ടർമാരുടെ സംഘടന കടുത്ത പ്രതിഷേധത്തിലാണ്. മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത് വന്നു. കാര്യങ്ങൾ കൈവിട്ടതോടെ ഡോക്ടറെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് റദ്ദാക്കി വിശ്വജിത്ത് റാണയെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തള്ളിപ്പറഞ്ഞിരുന്നു. സംസ്ഥാന ബിജെപി നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. എക്സിൽ മാപ്പപേക്ഷ ഇടുകയല്ലാതെ മന്ത്രി ഇതുവരെ യാതൊരു പ്രതികരണത്തിനും തയ്യാറായിട്ടില്ല. ഡോക്ടർ അമ്മയെ ശരിയായി ചികിത്സിച്ചില്ലെന്ന മകന്‍റെ പരാതിയെ തുടർന്നായിരുന്നു ആശുപത്രി സന്ദർശിച്ച റാണ ഡോക്ടറെ പരസ്യമായി അധിക്ഷേപിച്ച് സസ്പെൻഡ് ചെയ്ത്.