ക്ഷേത്ര പരിസരത്തുവച്ച് മാംസാഹാരം കഴിച്ചതിന്റെ പേരില്‍ തമിഴ്നാട്ടില്‍ വിവാദം പുകയുന്നു. തിരുവണ്ണാമലൈ ക്ഷേത്രപരിസരത്തിനുള്ളില്‍വച്ച് മാംസമുള്ള ബിരിയാണി കഴിച്ചയാളെ കസ്റ്റഡിയിലെടുത്തു. ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ ഭക്തയാണ് ഇയാള്‍ മാംസം കഴിക്കുന്നത് ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ഇയാളെ ചോദ്യം ചെയ്യുകയും ക്ഷേത്രം അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. പിന്നാലെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
മാംസാഹാരം കഴിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ വെജിറ്റേറിയന്‍ വിഭാഗത്തില്‍പ്പെടുന്ന ‘കുസ്ക’ ബിരിയാണിയാണ് താന്‍ കഴിച്ചതെന്നും ഇതില്‍ അറിയാതെ ചിക്കന്‍ പെട്ടുപോയതാണെന്നുമായിരുന്നു ഇയാളുടെ വിശദീകരണം. ചുറ്റമ്പലത്തിനുള്ളിലിരുന്നാണ് ഇയാള്‍ ആഹാരം കഴിച്ചത്. ക്ഷേത്രം അധികാരികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്.
വളരെ ലളിതമായ ഒരു ദക്ഷിണേന്ത്യന്‍ ബിരിയാണി വിഭവമാണ് ‘കുസ്ക’. മാംസമോ മത്സ്യമോ ചേർക്കാതെ വെറും മസാല റൈസായി തയ്യാറാക്കുന്നതാണ് കുസ്ക. സുഗന്ധവും രുചിയുമാണ് ഈ ബിരിയാണിയുടെ പ്രത്യേകത. സമാനമായൊരു സംഭവം കഴിഞ്ഞ ജനുവരിയിലും തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ സംഭവത്തെ ശക്തമായി വിമര്‍ശിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.