ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്കേസില്‍ കണ്ടെത്തി. പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയം. നാട്ടുകാര്‍ തെരുവിലിറങ്ങിയതോടെ സ്ഥലത്ത് കനത്ത പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. പ്രതികളെ പിടികൂടാനായില്ല.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നെഹ്‌റു വിഹാറില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് ഒന്‍പത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ബന്ധുവിന്‍റെ വീട്ടില്‍ പോയ കുട്ടി തിരിച്ചെത്താത്തിനെ തുടര്‍ന്ന് കുടുംബം അന്വേഷണം നടത്തുകയായിരുന്നു. അടുത്തുള്ള ഒരുവീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടാതായി അയല്‍വാസികള്‍ പറഞ്ഞു. പൂട്ടിക്കിടന്നിരുന്ന വീട് ബന്ധുക്കള്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് സ്യൂട് കേസില്‍ രക്തത്തില്‍ കുതിര്‍ന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പീഡനം നടന്നതായി സംശയമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമെ ഇക്കാര്യം വ്യക്തമാവു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വിവരം അറിഞ്ഞതിന് പിന്നാലെ നെഹ്‌റു വിഹാറിലും പരിസരപ്രദേശങ്ങളിലും പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ റോഡുകള്‍ തടയുകയും കടകള്‍ അടപ്പിക്കുകയുംചെയ്തു. പിന്നാലെ സ്ഥലത്ത് കന്നത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി. അര്‍ധസൈനിക വിഭാഗത്തേയും വിന്യസിച്ചു. വ്യാപകമായ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു