തനിക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രതികരണവുമായി വ്യവസായി വിജയ് മല്യ. തനിക്ക് ഒമ്പതിനായിരം കോടി രൂപയുടെ കടബാധ്യതയില്ലെന്നും 14,000 കോടി രൂപ ബാങ്കുകള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും മല്യ പറഞ്ഞു. എന്നാല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തകര്‍ച്ചയില്‍ എല്ലാവരോടും മാപ്പപേക്ഷിക്കുന്നതായും മല്യ പറഞ്ഞു. യൂട്യൂബര്‍ രാജ് ശമാനിക്കൊപ്പമുള്ള പോഡ്കാസ്റ്റിലാണ് മല്യയുടെ പ്രതികരണം.
9000 കോടി രൂപ വായ്പയെടുത്തെന്ന ആരോപണങ്ങള്‍ തള്ളിയ മല്യ ആറായിരം കോടി രൂപയാണ് ട്രിബ്യൂണലിന്റെ റിക്കവറി സര്‍ട്ടിഫിക്കറ്റിലുള്ളതെന്നും പറഞ്ഞു. 14,000 കോടി രൂപ ബാങ്കുകള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാനാണ് ആക്രമിക്കപ്പെടുന്നത്. ബാങ്കുകള്‍ ഒരു സ്റ്റേറ്റ്‌മെന്റും എനിക്ക് സമര്‍പ്പിച്ചിട്ടില്ല.ഞാന്‍ ആശയക്കുഴപ്പത്തിലാണ്. മല്യ പറഞ്ഞു.
ഇന്ത്യയിലേക്ക് വരാത്തതിനാല്‍ പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ. ഞാന്‍ ഒളിച്ചോടിയിട്ടില്ല. മുന്‍നിശ്ചയിച്ചതുപ്രകാരമാണ് ഇന്ത്യക്ക് പുറത്തുപോയത്. എന്നാല്‍ തിരിച്ചുവരാത്തതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്. അതിനാല്‍ പിടികിട്ടാപ്പുള്ളിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെ വിളിച്ചോളൂ. പക്ഷേ എവിടെ നിന്നാണ് കള്ളന്‍ എന്നത് കടന്നുവരുന്നത് ? മല്യ ചോദിച്ചു.
അതേ സമയം ഐപിഎല്‍ കിരീട നേട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനെ അഭിനന്ദിച്ച് ടീമിന്റെ മുന്‍ ഉടമയായ വിജയ് മല്യ രംഗത്ത് എത്തിയിരുന്നു. ആര്‍സിബി ടീം സ്ഥാപിച്ചപ്പോള്‍ ഐപിഎല്‍ ട്രോഫി ബെംഗളൂരുവില്‍ എത്തണമെന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്നും കോലിയടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ചതും താനാണെന്നും മല്യ എക്‌സില്‍ കുറിച്ചു.