ഐപിഎല്‍ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ച സംഭവത്തില്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെ ഹേറ്റ് ക്യാംപെയ്ന്‍. ദുരന്തത്തിന് കാരണക്കാരന്‍ കോലിയാണെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗുകള്‍. അതേസമയം കോലിയെ അറസ്റ്റ് ചെയ്യണ്ട ആവശ്യം നിലവില്‍ ഇല്ലെന്ന് കര്‍ണാടക പൊലീസ് വ്യക്തമാക്കി.
പുഷ്പ ടു റിലീസുമായി ബന്ധപ്പെട്ട നടന്‍ അല്ലു അര്‍ജുന്‍റെ അറസ്റ്റുമായി ചേര്‍ത്തുവെച്ചാണ് സമൂഹമാധ്യമങ്ങളില്‍ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നത്. ഐപിഎല്‍ ജയത്തിന് പിന്നാലെ ബെംഗളൂരു നഗരത്തിലെ വിജയാഘോഷത്തെ കുറിച്ച് കോലി പറഞ്ഞെന്നും ഇത് ആഘോഷത്തില്‍ പങ്കെടുക്കാനുള്ള ആഹ്വാനമായി ആരാധകര്‍ ഏറ്റെടുത്തെന്നുമാണ് വിമര്‍ശനം. ദുരന്തം സംഭവിച്ചതിന് ശേഷവും കോലി ആരാധകരെ ചെന്ന് കാണാനോ അവരുടെ ദുഖത്തില്‍ പങ്കുചേരാനോ നിന്നില്ല. താരത്തിനും കുടുംബത്തിനും ലണ്ടനിലേക്ക് വേഗം മടങ്ങി പോകേണ്ടതുകൊണ്ടാണ് വിക്ടറി പരേഡ് തൊട്ടടുത്ത ദിവസം തന്നെ നടത്തിയതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. കോലിക്കും ദുരന്തത്തില്‍ പങ്കുണ്ടെന്നും കടുത്ത നടപടി താരത്തിനെതിരേയും സ്വീകരിക്കണമെന്നുമാണ് ആവശ്യം.
അതേസമയം കോലി അടക്കമുള്ള താരങ്ങള്‍ക്ക് ദുരന്തത്തില്‍ പങ്കില്ലെന്ന് പൊലിസ് വ്യക്തമാക്കുന്നു. ആര്‍സിബി ടീം മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി വേഗം നടത്താന്‍ തീരുമാനിച്ചത്. വിക്ടറി പരേഡില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിരാട് കോലിക്കോ മറ്റ് താരങ്ങള്‍ക്കോ പൊലീസ് നിര്‍ദേശങ്ങളൊന്നും നല്‍കിയിരുന്നില്ല.
അതേസമയം, അല്ലു അര്‍ജുന്‍ പൊലീസിന്റെ വിലക്ക് മറികടന്ന് പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോയില്‍ പങ്കെടുത്തതതാണ് അറസ്റ്റിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി.